anjana

കാഞ്ഞങ്ങാട്: ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നീലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജനയുടെ മരണത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മരണം ആത്മഹത്യയാണെന്ന് ഗോവ പൊലീസ് ഉറപ്പിച്ച് പറയുമ്പോഴും മരണ കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അതേസമയം, സംഭവത്തിൽ മാവോയിസ്റ്റ് ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. കോഴിക്കോട് കേന്ദ്രീകരിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ ഉണ്ടെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചതാണ്. കേരളത്തിൽ വയനാട് കൂടാതെ ആന്ധ്ര, ഒറീസ സംസ്ഥാനങ്ങളിലും ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

കേസന്വേഷണം എൻ.ഐ.എയ്ക്ക് വിടണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. നഗര മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട ഒരു സംഘമാണ് വിദ്യാർത്ഥിനിയെ വഴിതെറ്റിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. പഠിക്കാൻ മിടുക്കിയായിരുന്ന അഞ്ജന നല്ല മാർക്കോടെയാണ് പത്താംക്ലാസും പ്ലസ്ടുവും പാസായത്. നല്ല രാഷ്ട്രീയ ബോധവും സാമൂഹിക പ്രവർത്തനങ്ങളോടുള്ള താല്പര്യവും പ്രകടിപ്പിച്ചിരുന്നു. സിവിൽ സർവീസിന് പോവുകയാണ് ലക്ഷ്യമെന്ന് ഇവർ പലരോടും പറഞ്ഞിരുന്നുവത്രെ.

തലശ്ശേരി ബ്രണ്ണൻ കോളജിൽ ബിരുദത്തിനു ചേർന്നതിന് ശേഷമാണ് അഞ്ജനയിൽ പ്രകടമായ മാറ്റം സംഭവിച്ചത് എന്നാണ് വീട്ടുകാർ പറയുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘടനകളുമായി അടുപ്പമുണ്ടാകുന്നതും ഇക്കാലത്താണ്. അതിനിടെ കുടുംബാംഗങ്ങൾ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടർന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അല്പനാൾ വീട്ടിൽ തന്നെയായിരുന്നു. ഈ കാലയളവിൽ തന്നെ വീട്ടുകാർ തടവിലിട്ട് പീഡിപ്പിക്കുകയായിരുന്നു എന്ന സന്ദേശം കൂട്ടുകാർക്ക് അയച്ചിരുന്നു. ഇതോടെ ഒരു സംഘം തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലെത്തി ബഹളം വച്ച സംഭവവും ഉണ്ടായതാണ്.

ഇതിനിടെ കോളജിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി വീട്ടുകാരുടെ അനുമതിയോടെ പോയ അഞ്ജനയെ കാണാതാവുകയായിരുന്നു. അമ്മ മിനി പൊലീസ് സ്‌റ്റേഷനിൽ പരാതി നല്കിയതിനെത്തുടർന്ന് അഞ്ജന മറ്റൊരു പെൺകുട്ടിക്കൊപ്പം കോടതിയിൽ ഹാജരാകുകയും സുഹൃത്തുക്കൾക്കൊപ്പം ജീവിക്കാനായി വീടുവിട്ടതാണെന്നും ബോധിപ്പിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിനിയായ ഒരു മുൻ നക്സൽ നേതാവിന്റെ മകളുടെ കൂടെ ആയിരുന്നു അജ്ഞന കോടതിയിയിൽ എത്തിയിരുന്നത്.

ഇതിനുശേഷം ഈ യുവതിക്കൊപ്പം കോഴിക്കോട്ടാണ് അഞ്ജന താമസിച്ചിരുന്നത്. ഇതിനിടെ അഞ്ജന തന്റെ ഫേസ്ബുക്കിലെ പേര് ചിന്നു സുൽഫിക്കർ എന്നു മാറ്റുകയും വീട്ടുകാർ തന്നെ നിരന്തരം പീഡിപ്പിച്ചതായി പറയുന്ന വീഡിയോകളും മറ്റും അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. സംഘത്തിലെ മൂന്നു പെൺകുട്ടികൾക്കൊപ്പമാണ് മാർച്ച് 17 ന് അഞ്ജന ഗോവയിലേക്ക് പോയത്. അഞ്ജനയ്ക്ക് ഒരു ആൺ സുഹൃത്ത് ഉണ്ടായിരുന്നതായി കൂട്ടുകാരുടെ സാമൂഹ്യമാധ്യമ പോസ്റ്റുകളിൽ സൂചനയുണ്ട്. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഗോവയിലേക്കുള്ള യാത്രക്കിടെ വഴിയിലെവിടെയോ വച്ച് ഇയാളും മറ്റു ചില ആൺസുഹൃത്തുക്കളും സംഘത്തിനൊപ്പം ചേർന്നിരുന്നതായി സംശയിക്കുന്നു.

ഗോവയിലെത്തി ദിവസങ്ങൾക്കു ശേഷം അഞ്ജന വീട്ടിലേക്കു വിളിച്ച് കൂട്ടുകാർ തന്നെ ചതിച്ചതായും തനിക്ക് എത്രയും പെട്ടെന്ന് വീട്ടിലേക്കു വരണമെന്നും പറഞ്ഞതായാണ് അമ്മ മിനി പോലീസിനു നല്കിയ പരാതിയിൽ പറയുന്നത്. സമാനമായ രീതിയിൽ കോഴിക്കോട്ടെ സുഹൃത്തിന്റെ അമ്മയെയും അജ്ഞന വിളിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്കുശേഷമാണ് താമസിച്ചിരുന്ന റിസോർട്ടിന് പത്തുമീറ്റർ മാത്രം അകലെയുള്ള സ്ഥലത്ത് കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ അഞ്ജനയെ കണ്ടെത്തുന്നത്.