aalakode
ചാണോക്കുണ്ട് പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തി

ആലക്കോട്: പാലം പൂർത്തിയായിട്ടും അപ്രോച്ച് റോഡിന്റെ നിർമ്മാണം വൈകുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത വന്നതിന് പിന്നാലെ പ്രവൃത്തിയ്ക്ക് വേഗത കൂട്ടി. തളിപ്പറമ്പ് -ആലക്കോട് -മണക്കടവ് കൂർഗ്ഗ് ബോർഡർ സംസ്ഥാന പാതയിൽപ്പെട്ട ചാണോക്കുണ്ട് പാലം പുനർനിർമ്മാണം പൂർത്തിയാക്കി മഴക്കാലം ആരംഭിക്കുന്നതിനു മുമ്പേ തുറന്നുകൊടുത്തില്ലെങ്കിൽ ഈ റൂട്ടിൽ വാഹനഗതാഗതം പ്രതിസന്ധിയിലാകുമെന്ന വാർത്ത വന്നതിനു തൊട്ടുപിന്നാലെയാണ് മേയ് 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഈ റൂട്ടിൽ ഗതാഗതം നിർത്തിവച്ച് പ്രവൃത്തി തുടങ്ങിയത്.

ഇപ്പോൾ തളിപ്പറമ്പ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഒടുവള്ളിത്തട്ടിൽ നിന്നും നടുവിൽ -വായാട്ടുപറമ്പ് വഴി കരുവൻചാലിൽ എത്തുകയാണ്. ഒരാഴ്ചത്തെ പണികൾ കൊണ്ട് പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാനുള്ള സംവിധാനമൊരുക്കാൻ സാധിക്കുമെങ്കിലും പണിപൂർത്തിയാക്കി പാലം ഉദ്ഘാടനം നടത്തുവാൻ കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരും.