e-p-jayarajan

കണ്ണൂർ: ഷഷ്ടിപൂർത്തിയും സപ്തതിയും ശതാഭിഷേകവുമൊന്നും പൊതുപ്രവർത്തകന് പ്രായത്തിന്റെ ഓർമ്മപ്പെടുത്തലല്ലെന്ന വിശ്വാസമാണ് വ്യവസായ മന്ത്രി ഇ.പി.ജയരാജന്. പിറന്നാളിന് എന്താഘോഷം . പ്രത്യേകിച്ച് കൊവിഡ് കാലത്ത്. അതും സഹോദരി മരണപ്പെട്ടതിന്റെ മൂന്നാം നാൾ.

എഴുപതിലും ജയരാജന് പതിനേഴിന്റെ ചെറുപ്പം. കാഴ്ചയിൽ അടുക്കാൻ ഇത്തിരി ഭയക്കും. അടുത്തിടപഴകിയാലേ ആ മനസ്സിലെ നന്മ തിരിച്ചറിയൂ. ഇരുന്നൂറോളം വൃദ്ധർക്ക് ഏക ആശ്രയം. മാസത്തിലൊരിക്കലെങ്കിലും അവർക്ക് തങ്ങളുടെ ജയനെ കാണണം. കണ്ണൂരിലെ മൈത്രി വൃദ്ധസദനത്തിൽ ജയരാജനെത്തുമ്പോൾ ഉത്സവം പോലെ. എല്ലാവരെയും പേര് വിളിച്ച് അടുത്തിരുത്തി സുഖാന്വേഷണം . വൃദ്ധസദനത്തിന്റെ സ്ഥാപകനും ചെയർമാനും മറ്റാരുമല്ല.

1950 മേയ് 28ന് കൃഷ്ണൻനമ്പ്യാരുടെയും ഇ..പി. പാർവ്വതി അമ്മയുടെയും മകനായി ജനിച്ച ജയരാജൻ എസ്.എഫ്. ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ വന്നത്. ഡി.വൈ.എഫ്. ഐ 1980 ൽ രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യത്തെ ദേശീയ പ്രസിഡന്റായി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്.1991 ലും 2011ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജയരാജൻ 2016ൽ മട്ടന്നൂരിൽ നിന്ന് വിജയിച്ചാണ് പിണറായി മന്ത്രിസഭയിൽ അംഗമായത്.വധശ്രമങ്ങൾ നേരിട്ട പ്രവർത്തകന്റെ കരുത്തും ധൈര്യവും പാർട്ടിയുടെ അടിയുറച്ച പോരാളിയാക്കി. ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്ഥാനം ഉപേക്ഷിച്ചപ്പോഴും പാർട്ടിയുടെ വിശ്വസ്തനായി .അഗ്നിശുദ്ധി വരുത്തി രണ്ടാം വരവ് കൂടുതൽ കരുത്തോടെ..

ധീരമായ നിലപാടുകൾ, മൂർച്ചയേറിയ വാക്കുകൾ, ആരെയും കൂസാത്ത പ്രകൃതം.ജയരാജനെ വ്യത്യസ്തനാക്കുന്നത് ഇതൊക്കെയാണ്.മുതൽ മുടക്കുന്നവരെ തിരിച്ചയക്കുന്നതിലല്ല, ഒപ്പം നിറുത്തുന്നതിലൂടെ മാത്രമേ സംസ്ഥാനത്ത് വ്യവസായം വളരൂവെന്നും,ഭൂമി ഇല്ലാത്തതിന്റെ പേരിൽ കാര്യക്ഷമമായ പ്രോജക്ടുകൾ കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടാകില്ലെന്നുമുള്ള മന്ത്രിജയരാജന്റെ പ്രഖ്യാപനം വ്യവസായ കേരളം കേട്ടത് ഏറെ പ്രതീക്ഷയോടെ.