കാസർകോട്: ജില്ലയിൽ10 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേർ കൊവിഡ് വിമുക്തരായി. മുംബൈയിൽ നിന്ന് വന്ന എട്ട് പേർക്കും വിദേശത്ത് നിന്ന് വന്ന ഒരു വനിത ഉൾപ്പെടെ രണ്ടു പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ ഡോ. എ.വി. രാംദാസ് അറിയിച്ചു.
മേയ് 17 ന് മഹാരാഷ്ട്രയിൽ നിന്ന് ഒരേ വാഹനത്തിൽ വന്ന 34 വയസുള്ള വൊർക്കാടി സ്വദേശി, 40 വയസുള്ള മീഞ്ച സ്വദേശി മുംബൈയിൽ നിന്ന് വന്ന 22 വയസുള്ള മഞ്ചേശ്വരം സ്വദേശി, 47 വയസുള്ള മംഗൽപാടി സ്വദേശി, 28 വയസുള്ള ചെമ്മനാട് സ്വദേശി എന്നിവർക്കും 23 ന് ഒരേ കാറിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന കാസർകോട് നഗരസഭാ സ്വദേശികളായ 56, 40, 56 വയസുള്ള പുരുഷന്മാർക്കും കണ്ണൂർ വിമാനത്താവളം വഴി ഖത്തറിൽ നിന്ന് വന്ന 33 വയസുള്ള ചെമ്മനാട് സ്വദേശി, യു.എ.ഇയിൽ നിന്ന് വന്ന 38 വയസുള്ള സ്ത്രീ എന്നിവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയംചക്ക വീണ് പരിക്കേറ്റ് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോടോം ബേളൂർ സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി. പരിയാരത്ത് ചികിത്സയിലായിരുന്ന കുമ്പള സ്വദേശിയായ 56 വയസുകാരനാണ് രോഗം ഭേദപ്പെട്ട മറ്റൊരാൾ. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത് 49 പേരാണ്.
വീടുകളിൽ 2797 പേരും ആശുപത്രികളിൽ 572 പേരുമുൾപ്പെടെ 3369 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 283 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.