കണ്ണൂർ: ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കാത്തവരെ കുടുക്കാൻ കണ്ണൂരിൽ കാമറയുമായി പൊലീസിന്റെ പ്രത്യേക സ്ക്വാഡ് ഇറങ്ങി. സാമൂഹിക അകലം പാലിക്കാത്ത സ്ഥലങ്ങളിലാണ് സ്ക്വാഡുകളുടെ പരിശോധന.
ജില്ലയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി . സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള പ്രത്യേക സ്ക്വാഡ് കണ്ണൂർ ജില്ലയിലെ വിവിധ നഗരങ്ങളിൽ പരിശോധന തുടങ്ങി.
വ്യാപാര സ്ഥാപനത്തിന് ചുറ്റും ആൾക്കൂട്ടം ഉണ്ടായാൽ ഇതിന്റെ ഫോട്ടോയും വീഡിയോയും മൊബൈൽ ഫോണിൽ പ്രത്യേക സ്ക്വാഡ് ചിത്രീകരിക്കും. ചിത്രീകരിച്ച സംഭവങ്ങൾ അതത് പൊലീസ് ഡിവിഷനിലെ ഡിവൈ.എസ്.പി മാർക്ക് അയച്ചു കൊടുക്കും.
തുടർന്ന് വ്യാപാരസ്ഥാപനങ്ങൾക്കെതിരേ കേസെടുക്കും. കണ്ണൂരിൽ കഴിഞ്ഞ ദിവസം 11 വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കേസെടുത്തിരുന്നു. കൂടാതെ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയില്ലാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളെക്കുറിച്ച് പ്രത്യേക സ്ക്വാഡ് വിവരങ്ങൾ ശേഖരിച്ച് കേസെടുക്കുന്നുണ്ട്.