കണ്ണൂർ: ലോക്ക് ഡൗണിനെ തുടർന്ന് നിശ്ചലമായ മാലിന്യ ശേഖരണവും മഴക്കാല പൂർവ ശുചീകരണവും കാര്യക്ഷമമാക്കാൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. 55 ഡിവിഷനുകളിൽ നിന്നുള്ള പ്ലാസ്റ്റിക്കുൾപ്പെടെ വീടുകളിൽ നിന്നു ശേഖരിക്കുന്നതിന് കളക്ടറുടെ വിലക്കും ശേഖരിക്കുന്ന കമ്പനിക്ക് ജോലി ചെയ്യാൻ ആളെ കിട്ടാത്ത സാഹചര്യവുമാണ് മാലിന്യനീക്കം നിലച്ചതിന് പിന്നിൽ.

ഇക്കാര്യം പരിഹരിച്ച് വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്നതിന്റെ ഭാഗമായി വീടുകൾ രജിസ്റ്റർ ചെയ്യുന്ന ജോലിയാണ് ഇപ്പോൾ പല ഡിവിഷനിലും നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മാലിന്യ ശേഖരണം കാര്യക്ഷമമായി നടത്തുമെന്ന് മേയർ സുമാ ബാലകൃഷ്ണനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഇന്ദിരയും ഇന്നലെ നടന്ന യോഗത്തിൽ പറഞ്ഞു. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകളും തോടുകളിലെ മാലിന്യം നീക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. മഴയ്ക്ക് മുൻപെ എല്ലാ ഡിവിഷനുകളിലും പ്രവൃത്തി പൂർത്തിയാക്കും. ശുചിത്വ മിഷൻ അനുവദിച്ച തുക ഓരോ ഡിവിഷനിലുമായി 25,000 രൂപ കൈമാറിയിട്ടുണ്ടെന്നു അവർ അറിയിച്ചു.

കൊവിഡിനെ തുടർന്ന് ക്രഷറുകളും മറ്റും തുറന്ന് പ്രവർത്തിക്കാത്തതിനാൽ റോഡ് പണിക്കും മറ്റു അനുബന്ധ പണിക്കും ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകാത്തതിനെ തുടർന്ന് നിശ്ചലമായ നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ഒ മോഹനൻ പറഞ്ഞു. സുമാബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി മേയർ സി. സമീർ, ഷാഹിന മൊയ്തീൻ, സി.കെ വിനോദ്, വെള്ളോറ രാജൻ, പ്രകാശൻ, സി. എറമുല്ലാൻ, കെ.കെ ഭാരതി, എൻ. ബാലകൃഷ്ണൻ പ്രസംഗിച്ചു.