കണ്ണൂർ: ജില്ലയിൽ ഒരാൾക്കു കൂടി ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മേയ് 23ന് മുംബയിൽ നിന്ന് നാട്ടിലെത്തിയ കോട്ടയം മലബാർ സ്വദേശി 45കാരനാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 25ന് അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 197 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ 11676 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയിൽ നിന്നും 6082 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5818 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5489 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 264 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.