മട്ടന്നൂർ: ഇന്ത്യയിലെ ആദ്യത്തെ തെർമൽ സ്‌ക്രീനിംഗ് സ്മാർട്ട് ഗേറ്റ് കണ്ണൂർ എയർപോർട്ടിൽ പ്രവർത്തനം ആരംഭിക്കുന്നു. കെ. സുധാകരൻ എം.പി മുൻകൈയെടുത്താണ് ഈ സംവിധാനം എയർപോർട്ടിൽ സ്ഥാപിക്കുന്നത്. സ്മാർട്ട് ഗേറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് എയർപോർട്ടിൽ എം.പി നിർവ്വഹിക്കും.

കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് ആശയക്കുഴപ്പവും മറ്റ് വെല്ലുവിളികളും ഉയർത്തുന്ന സാഹചര്യത്തിൽ എയർപോർട്ട് അതോറിറ്റിക്കും ആരോഗ്യ വകുപ്പിനും വലിയ ആശ്വാസം നല്കുന്നതാണ് ഈ ആധുനിക സംവിധാനം. ഇന്റർനാഷണൽ ടെർമിനലിലും ഡൊമസ്റ്റിക് ടെർമിനലിലും യാത്രക്കാർക്കുള്ള സ്മാർട്ട് ഗേറ്റ് തെർമൽ സ്‌ക്രീനിംഗ് സിസ്റ്റം സ്ഥാപിച്ചതിനു പുറമെ എയർപോർട്ടിനകത്തു പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെയും മറ്റ് ആളുകളെയും പരിശോധിക്കുന്നതിനുള്ള ഓട്ടോമാറ്റിക്ക് തെർമൽ ചെക്കിംഗ് സിസ്റ്റം കൂടി ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ആകെ നാല് തെർമൽ സ്‌ക്രീനിംഗ് യൂണിറ്റാണ് എയർപോർട്ടിൽ എത്തിച്ചിട്ടുള്ളത്. യാത്രക്കാർ താപനില പരിശോധന നടത്താൻ വേണ്ടി ക്യു നിൽക്കുന്നത് ഇതിലൂടെ ഒഴിവാക്കാനാകും.

തെർമൽ സ്‌ക്രീനിംഗ് സ്മാർട്ട് ഗേറ്റ്

വിദേശ എയർപോർട്ടുകളിൽ ശരീര താപനില പരിശോധിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക തെർമൽ സ്‌ക്രീനിംഗ് സംവിധാനമാണ് ഇത്. ഒരു സമയം തന്നെ പത്തിൽ കൂടുതൽ ആളുകളുടെ ശരീര ഊഷ്മാവ് പത്തു മീറ്റർ ദൂരത്തു നിന്നു പോലും തിരിച്ചറിയാൻ സാധിക്കുന്നതാണ് ഈ ഹൈടെക് ഉപകരണം.


പ്രവർത്തനം ഇങ്ങനെ
ടെർമിനലിൽ നിന്ന് ഇറങ്ങി എമിഗ്രേഷൻ കൗണ്ടറിലേക്ക് ഗേറ്റിലൂടെ യാത്രക്കാർ കടന്നുപോകുമ്പോൾ തെർമൽ കാമറ ശരീര ഊഷ്മാവ് രേഖപ്പെടുത്തും. മറ്റൊരു ഡിജിറ്റൽ കാമറ യാത്രക്കാരന്റ പൂർണമായ വിവരത്തോടുകൂടിയ ചിത്രം രേഖപ്പെടുത്തുകയും ചെയ്യും. ലഭ്യമാകുന്ന രണ്ട് തരം ഇമേജുകളും അടുത്ത് സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിൽ തത്സമയം കാണുവാൻ എയർപോർട്ട് ഉദ്യോഗസ്ഥർക്ക് സാധിക്കും. ഏതെങ്കിലും യാത്രക്കാർക്ക് കൂടുതൽ താപനില ഉണ്ടെങ്കിൽ തെർമൽ ഇമേജ് വഴിയും അലാറം വഴിയും എയർപോർട്ട് സ്റ്റാഫിന് വിവരങ്ങൾ കൈമാറും. ഇതുമൂലം പ്രസ്തുത യാത്രക്കാരനെ കൂടുതൽ വിശദമായ പരിശോധനകൾക്ക് വേണ്ടി മാറ്റിനിർത്താം. ശരീര താപനില നിയന്ത്രിത ലെവലിൽ നിന്ന് കുറവാണെങ്കിലും തൊട്ടടുത്തായി സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീൻ വഴി തത്സമയം ലഭ്യമാക്കുകയും ചെയ്യും.