ചെറുപുഴ: ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ചെറുപുഴ പഞ്ചായത്തിൽ ഇന്നും നാളെയും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ സി.കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, പയ്യന്നൂർ തഹസീൽദാർ കെ. ബാലഗോപാലൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, പൊലീസ് അധികൃതർ, റവന്യൂ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് കർശനമായ നിയന്ത്രങ്ങളേർപ്പെടുത്താൻ തീരുമാനമായത്. പഞ്ചായത്തിലെ വാർഡ് 19 കണ്ടയിൻമെൻറ് സോണായതിനാൽ കർശന നിയന്ത്രണവും നിരീക്ഷണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തികളും നിർണ്ണയിച്ചു.
സമാനമായ സാഹചര്യമാണ് പെരിങ്ങോം പഞ്ചായത്തിലുമുള്ളത്. വാഹനങ്ങൾ കർശനമായി നിയന്ത്രിക്കും. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ എല്ലാ ദിവസവും മെഡിക്കൽ ഷോപ്പ്, അംഗീകൃത പാൽ വില്പന കേന്ദ്രങ്ങൾ എന്നിവ തുറക്കാം. ഹോട്ടലുകൾക്ക് എല്ലാ ദിവസവും ഏഴ് മണി വരെ പാഴ്സൽ സർവീസ് നടത്താം. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ അനാദി, പഴം, പച്ചക്കറിക്കടകൾ, കെട്ടിട നിർമ്മാണ സാമഗ്രഹികൾ വിൽക്കുന്ന കടകൾ, വളം, ബേക്കറി, മലഞ്ചരക്ക്, ഇറച്ചിക്കടകൾ എന്നിവ തുറക്കാം. ബുധൻ, ശനി ദിവസങ്ങളിൽ ഇലക്ട്രോണിക്സ്, ജ്വല്ലറികൾ, തുണിക്കടകൾ, ഫാൻസി, സ്റ്റേഷനറി, ഫുട് വേർ, ബുക്ക് സ്റ്റാൾ, കംപ്യൂട്ടർ എന്നിവയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വർക്ക് ഷോപ്പ്, സർവ്വീസ് സ്റ്റേഷൻ എന്നിവയും, തിങ്കൾ, ബുധൻ മൊബൈൽ ഷോപ്പുകളും തുറക്കാം.