ഇരിട്ടി: കർണാടകത്തിൽ നിന്നും വനത്തിലൂടെ നടന്ന് അതിർത്തിയായ കൂട്ടപുഴയിൽ എത്തിയ നാലു മലയാളികളെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.ഗോണിക്കുപ്പയിൽ ഇഞ്ചി കൃഷിക്ക് പോയ നാലുപേരാണ് വനത്തിലൂടെ കാൽനടയായി കൂട്ടുപുഴ എത്തിയത് . ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇവരെ തടഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ച് 108 ആംബുലൻസിൽ ഉളിക്കലിലുളള നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.
താമസിച്ചിരുന്ന സ്ഥലത്ത് ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതോടെയാണ്‌കേരളത്തിലേക്ക് കാൽനടയായി എത്തിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. പെരുമ്പാടി ചെക്ക്‌പോസ്റ്റിലുള്ള കർണാടക പൊലീസിന്റെ കണ്ണുവെട്ടിച്ച് പെരുമ്പാടി തടാകത്തിന് സമീപത്തുകൂടെ വനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കൂട്ടുപുഴയിലെത്തിയ ഇവർക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സമീപത്തെ കടയിൽ നിന്നും ഭക്ഷണം ഉൾപ്പെടെ വാങ്ങിച്ചു നൽകി. ഉളിക്കൽ സ്വദേശികളായ മൂന്നുപോരും പടിയൂർ സ്വദേശിയായ ഒരാളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇത്തരത്തിൽ നിരവധിപേർ ഇനിയും കർണാടകത്തിൽനിന്നും കേരളത്തിലേക്ക് വരാൻ ശ്രമിക്കുന്നതായും ഇവർ പറഞ്ഞു.