കണ്ണൂർ: മുഖംപോലും ശരിക്ക് ഓർമ്മയില്ലാത്ത അച്ഛനെ തേടിനടക്കുകയാണ് ശ്രീജിത്ത്. ശ്രീജിത്തിന് മൂന്ന് വയസുള്ളപ്പോഴാണ് അച്ഛൻ പടിയിറങ്ങിപ്പോയത്. ഇപ്പോൾ വയസ് 43. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും അച്ഛന്റെ ഫോട്ടോയുമായി കയറിയിറങ്ങുന്നു. ഫോട്ടോയിലെ മുഖവും അന്തേവാസികളുടെ മുഖവും ചേർത്തു നോക്കുന്നു.

തലശേരി എരഞ്ഞോളി പാലത്തിനടുത്ത് പെയിന്റിംഗ് വർക്ക് ഷോപ്പ് നടത്തിയിരുന്ന നെരോത്ത് ചെള്ളത്ത് കുഞ്ഞിക്കണ്ണനാണ് ആരോടും ഒന്നുംപറയാതെ 40 വർഷം മുമ്പ് നാല്പതാം വയസിൽ അപ്രത്യക്ഷനായത്. അച്ഛനെക്കുറിച്ച് അമ്മ ഗീത പറഞ്ഞ വിവരം മാത്രമാണ് മക്കളായ ശ്യാംകുമാറിനും ശ്രീജിത്തിനും ഷംജിത്തിനുമുള്ളത്.

ജ്യേഷ്ഠനും അനുജനും വിവാഹിതരായിട്ടും ശ്രീജിത്ത് അവിവാഹിതനായി തുടർന്നു. അവർ വിദേശത്ത് ജോലിതേടിപ്പോയെങ്കിലും ശ്രീജിത്ത് അതിനും തയ്യാറായില്ല. മുതിർന്നപ്പോൾ അച്ഛന്റെ വർക്ക് ഷോപ്പ് ഏറ്റെടുത്തു നടത്താൻ തുടങ്ങിയിരുന്നു. അച്ഛനെ തേടൽ പതിവായതോടെ അതും മുടങ്ങി.

ഈയിടെ കോട്ടയം ജില്ലയിലെ ഒരു വൃദ്ധസദനത്തിൽ അന്വേഷിച്ചുപോയി. അവിടെ എത്തുന്നതിന് മണിക്കൂറുകൾ മുമ്പ് തലശേരിക്കാരനായ ഒരാൾ കാണാതായെന്ന വിവരമാണ് ലഭിച്ചത്. രണ്ടു വർഷം മുമ്പ് കാസർകോട് തൃക്കരിപ്പൂരിലെ വൃദ്ധസദനത്തിൽ അച്ഛനോട് സാദൃശ്യമുള്ള ഒരാളുണ്ടെന്നറിഞ്ഞു പോയെങ്കിലും മറുനാട്ടുകാരനായിരുന്നു.

1980 ജനുവരി 14നു വീടു വിട്ടിറങ്ങിയ അച്ഛനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പല മുഖ്യമന്ത്രിമാരെയും സമീപിച്ചു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകി. 1989 ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ചെന്നൈയിൽ പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പ് പൊതുയോഗത്തിന്റെ ഫോട്ടോയിൽ അച്ഛനെ കണ്ടെന്നുപറഞ്ഞ് അവിടെപ്പോയി തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

കണ്ടിട്ട് എന്ത് ?

അച്ഛനെ കണ്ടിട്ട് ഇനി എന്ത് എന്ന ചോദ്യം ശ്രീജിത്ത് തന്നോടുതന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അച്ഛൻ എന്തിനാണ് വീടുവിട്ടുപോയതെന്ന ചോദ്യത്തിന് അമ്മയ്ക്കും ഉത്തരമില്ല. വൃദ്ധസദനം ജീവനക്കാർക്ക് ശ്രീജിത്തിനെ കാണുമ്പോൾ ഇപ്പോൾ കലി കയറും. പൊലീസുകാർക്ക് പരിഹാസം. തന്റെ അച്ഛനെ ഞാൻ പോക്കറ്റിലിട്ട് നടക്കുകയാണല്ലോ എന്നായിരുന്നു ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം.

''അച്ഛനെ കണ്ടെത്തുന്നതുവരെ വിശ്രമമില്ല. മരിച്ചതാണെങ്കിൽ എന്തെങ്കിലും ഒരു സൂചന വേണം. അച്ഛന്റെ തിരോധാനം സി.ബി.ഐ അന്വേഷിക്കണം.

-ശ്രീജിത്ത്