കണ്ണൂർ: ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും നിന്ന് പ്രവാസികൾ കൂട്ടത്തോടെ എത്തുമ്പോൾ നെഞ്ചിടിപ്പേറുന്നത് കണ്ണൂർ ജില്ലയ്ക്കാണ്. ലോക്ക് ഡൗൺ തുടങ്ങി പ്രവാസികളുടെ വരവ് ആരംഭിക്കുന്നതിന് മുൻപെ രോഗികളെല്ലാം തീർന്നെന്ന് ആശ്വസിച്ച കണ്ണൂരിൽ ഇപ്പോൾ കൊവിഡ് 19 ബാധിച്ച് രോഗികളായവർ 84 ആയി. ചികിത്സയിലുള്ളവരിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശികളും രണ്ട് കാസർകോട്കാരുമാണ്.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും 11676 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 47 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 69 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 26 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 19 പേരും വീടുകളിൽ 11515 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി ജില്ലയിൽ നിന്നും 6082 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5818 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5489 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 264 എണ്ണത്തിന്റെ ഫലം ലഭിക്കാനുമുണ്ട്. ഇനിയും വിദേശത്ത് നിന്നും ആളുകൾ കൂട്ടത്തോടെ എത്താനിരിക്കെ കാര്യങ്ങൾ കൈവിട്ട് പോകാതിരിക്കാൻ കർശന ജാഗ്രതയാണ് ജില്ലാ ഭരണകൂടം പുലർത്തുന്നത്.