കണ്ണൂർ: മദ്യവിൽപ്പനയ്ക് വേണ്ടി സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആപ് ആപ്പായിമാറി എന്ന് മദ്യ ഉപഭോക്താക്കൾ. ഇന്നലെ വൈകുന്നേരം 5ന് പ്ളേ സ്റ്റോറിൽ ആപ്പ് എത്തുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഉറക്കമൊഴിച്ച് കാത്തിരുന്നവരും വെറുതെയയായി. രാത്രി പതിനൊന്നരയോടെ പ്ളേ സ്റ്റേറിൽ ആപ്പ് പ്രത്യക്ഷപ്പെട്ടെങ്കിലും ഭൂരിഭാഗം ആളുകൾക്കും ഇതിലേക്ക് കയറാൻ കഴിഞ്ഞില്ല. ആപ്പിലേക്ക് എത്താനുള്ള ഒ.ടി.പി നമ്പർ ലഭിക്കാത്തതാണ് പലർക്കും വിനയായത്. ഒ.ടി.പി. നമ്പർ ലഭിച്ചവർക്കാകട്ടെ ഇന്ന് രാവിലെ 9 മണിവരെ കിണഞ്ഞ് ശ്രമിച്ചിട്ടും മദ്യം ബുക്ക് ചെയ്യാൻ കഴിഞ്ഞതുമില്ല.
എസ്.എം.എസ് വഴി സന്ദേശമയച്ച് കാത്തിരുന്നവർക്കും നിരാശയായിരുന്നു ഫലം. സന്ദേശം റിസീവ്ഡ് എന്ന് മൊബൈൽ ഫോണിൽ കാണിക്കുന്നുണ്ടെങ്കിലും തിരിച്ച് മറുപടയൊന്നും ലഭിക്കുന്നില്ല. ഇതോടെ മെസേജ് ബെവ്‌കോയുടെ മദ്യവിതരണത്തിനായുള്ള ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. രാവിലെ ആപ്പ് ഹാങ്ങായെന്നും പരാതിയുണ്ട്. പുതുതായി ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തതാണ് മറ്റൊരുപ്രശ്നം.
ആപ്പ് നിർമാതാക്കളായ ഫെയർകോഡ് ടെക്‌നോളജി പുറത്തുവിട്ട ലിങ്ക് വഴിയാണ് നിലവിൽ ആപ്പ് ആളുകൾ ലോഡ് ചെയ്യുന്നത്.
ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 24 നു പൂട്ടിയ മദ്യക്കടകളാണ് ഇന്നു വീണ്ടും തുറന്നത്. ഇന്നലെ വൈകിട്ട് 7 മുതൽ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയൽറൺ വിജയകരമായി പൂർത്തിയാക്കിയിരുന്നെങ്കിലും ഭൂരിഭാഗം മദ്യ ഉപഭോക്താക്കൾക്കും ഇതിന്റെ ഗുണം ലഭിച്ചിട്ടില്ല. ആപ്പിന്റെ തകരാണോ, അതല്ല ഇത് രൂപകൽപ്പന ചെയ്ത കമ്പനിയുടെ പിടിപ്പ്കേടാണോ ഇതിന് കാരണമെന്ന് വ്യക്തമായിട്ടില്ല. 18 ഓളം അപേക്ഷകരിൽനിന്ന് മികച്ച 5 കമ്പനികളെ തെരഞ്ഞെടുത്താണ് ഇപ്പോഴത്തെ കമ്പനിയെ തെരഞ്ഞെടുത്ത് എന്നാണ് ഇന്നലെ എക്സൈസ് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന ദിശയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.