ന്യൂയോർക്ക്: വാചക കസർത്തും അബദ്ധങ്ങളും വിളമ്പി പോസ്റ്റിടുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പൂട്ടാനിറങ്ങിയ ട്വിറ്ററിനെ വിരട്ടി ട്രംപ്. തന്റെ നാക്കിന് പൂട്ടിടാൻ ഇറങ്ങിയാൽ ഇങ്ങനൊരു സോഷ്യൽ മീഡിയ തന്നെ പ്രവർത്തിക്കണോയെന്ന് തീരുമാനിക്കേണ്ടി വരുമെന്നാണ് ഭീഷണി. അസത്യങ്ങൾ എഴുതിയ രണ്ട് ട്വീറ്റുകൾക്ക് ട്വിറ്റർ വസ്തുതാ പരിശോധന മുന്നറിയിപ്പ് നൽകിയതാണ് പ്രകോപന കാരണം. സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ നിയന്ത്രിക്കാൻ നിയമ നിർമാണം കൊണ്ടുവരുമെന്നും തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചവർക്ക് 2016ൽ കിട്ടിയ തിരിച്ചടി കണ്ടില്ലേയെന്നുമാണ് ചോദ്യം. കൊവിഡ് വ്യാപനം തടയാൻ അണുനാശിനികൾ നേരിട്ട് ശരീരത്തിൽ പ്രയോഗിക്കണം എന്നടക്കം അബദ്ധങ്ങൾ ആഹ്വാനം ചെയ്തയാളാണ് അമേരിക്കൻ പ്രസിഡന്റ്. വിവാദമായതോടെ താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കുകയായിരുന്നെന്ന് ന്യായീകരിച്ച് അദ്ദേഹം കൈകഴുകി. ട്രംപ് തുടരെ തുടരെ പല കാര്യങ്ങളിലും അനാവശ്യ പ്രതികരണം നടത്തുന്നതിനെ ചൊല്ലി പ്രതിഷേധം ഉയരാറുണ്ട്.