australia

വെല്ലിംഗ്ടൺ: ക്രിക്കറ്റിലെ അതികായന്മാരായ ഓസ്ട്രേലിയയും ന്യൂസിലാൻഡും കൊവിഡ് പ്രതിരോധത്തിലും ഈ മേധാവിത്വം തെളിയിച്ചിരിക്കുകയാണ്. കൊവിഡ് രോഗത്തെ കർശന നിയന്ത്രണങ്ങളോടെ അടുത്തിടെയാണ് ആസ്ട്രേലിയ വരുതിയിലാക്കിയത്. ഇതിന് പിന്നാലെ ന്യൂസിലൻഡിലും രോഗം ജനങ്ങൾക്ക് മുന്നിൽ മുട്ടു മടക്കുകയാണ്.

വൻകിട രാജ്യങ്ങൾ എന്ത് ചെയ്യുമെന്നറിയാതിരിക്കുമ്പോഴാണ് ഒരു ക്രിക്കറ്റ് മാച്ച് പോലെ ഇവർ വിജയത്തിലെത്തിയത്. ന്യൂസിലൻഡിലെ ആശുപത്രിയിലെ അവസാനത്തെ കൊവിഡ് രോഗിയും ഇന്നലെ പടിയിറങ്ങി. ഇനി വീടുകളിൽ വിശ്രമിക്കുന്ന 26 പേർ കൂടി സുഖം പ്രാപിച്ചാൽ സമ്പൂർണ്ണ കൊവിഡ് മുക്തരാകും. ഒരാഴ്ചയായി പുതിയൊരു കേസുപോലും റിപ്പോർട്ട് ചെയ്യാത്തതോടെ ജനങ്ങളും ആഹ്ലാദത്തിലാണ്.

ഫെബ്രുവരി 26 നായിരുന്നു ആദ്യമായി രോഗം രേഖപ്പെടുത്തിയത്. മാർച്ച്​ 19 ആയതോടെ അതിർത്തികൾ അടച്ചു. 26 ന് ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ഇത് കർശനമായി പാലിച്ചതാണ് രോഗവ്യാപനത്തിന് തടയിടാൻ സാധിച്ചത്. രോഗത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ കൃത്യമായ അവബോധം ഉണ്ടായതും അന്ധവിശ്വാസത്തിന്റെ പേരിൽ തെരുവിൽ ഇറങ്ങാൻ ആളില്ലാത്തതും ഭരണകൂടത്തിന് ആശ്വാസം പകർന്നു.

ഇതോടെ രോഗികളുടെ എണ്ണം 1,504 പേരിലൊതുങ്ങി. മരണവും 21 മാത്രമായിരുന്നു. ഇപ്പോൾ വീടുകളിൽ ചികിത്സയിലുള്ള 26 പേരുടെ നിലയും സാരമുള്ളതമല്ല. രോഗം ബാധിച്ചതിൽ പകുതിയാളും വിദേശത്തുനിന്ന് എത്തിയവരോ സമ്പർക്കം മൂലം രോഗബാധ ഉണ്ടായവരോ ആണ്. മരിച്ചവരിൽ ഒരാൾ പോലും യുവാക്കളോ കുട്ടികളോ ആയിരുന്നില്ല. മരിച്ച പത്തിലേറെ പേർക്കും 80 വയസിന് മുകളിലായിരുന്നു പ്രായം. ഇതിൽ രണ്ടുപേർക്ക് തൊണ്ണൂറ് വയസും. ഇനി വിവാഹത്തിനും മത ചടങ്ങുകൾക്കും നൂറുപേർക്ക് വരെ പങ്കെടുക്കാൻ ഇളവ് നൽകിയേക്കുമെന്നാണ് സൂചന.

പുതിയ രോഗികളെ കണ്ടെത്താൻ ഇറക്കിയ കൊവിഡ് ട്രേസർ ആപ്പ് നാല് ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഗുരുതരമായ സാഹചര്യമൊന്നും ഇല്ലെങ്കിൽ രാജ്യം ലെവൽ 1 ലേക്ക് പോകും. ആസ്‌ട്രേലിയയുമായി സഹകരിച്ച് പൗരന്മാർക്ക് ടാസ്മാൻ കടലിന് കുറുകെ സഞ്ചരിക്കാനും അനുമതി നൽകിയേക്കും.