കാസർകോട്: കാസർകോട് ചൗക്കി പെരിയടുക്കയിലെ വാഹിദ - തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ജാഫർബിൻ ഹിബത്തുല്ല ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള നഫീസത്തുൽ മിസ്രിയയുടെ മരണത്തെ തുടർന്നുണ്ടായ ദുരനുഭവം വിവരിച്ചു കൊണ്ട് ബന്ധു അബു സൽമാൻ ആരോഗ്യ മന്ത്രിക്ക് തുറന്ന കത്ത് അയച്ചു. ഒരു കുടുംബത്തിനും ഈ ഗതി സംഭവിക്കരുതെന്ന് വ്യക്തമാക്കിയുള്ള കത്തിൽ കുഞ്ഞിന്റെ മരണത്തിൽ വിറങ്ങലിച്ചു നിന്ന വീട്ടുകാർക്ക് സർക്കാർ ആശുപത്രിയിൽ നിന്നും അനുഭവിക്കേണ്ടി വന്ന വിഷമങ്ങളും യാതനകളുമാണ് വിവരിച്ചിരിക്കുന്നത്. സ്വാഭാവിക മരണം പുൽകിയ കുഞ്ഞിന്റെ മൃതദേഹം നടപടികൽ പൂർത്തിയാക്കി ഉടൻ വിട്ടു കൊടുക്കുന്നതിന് പകരം മൃതദേഹം തടഞ്ഞുവെച്ചു കൊണ്ടുള്ള അനാവശ്യ കാലതാമസം വരുത്തി മാതാപിതാക്കളെയും വീട്ടുകാരെയും കൂടുതൽ വിഷമിപ്പിച്ച കാര്യമാണ് എടുത്ത് പറയുന്നത്. ഒരു വീട്ടുകാർക്കും ഈയൊരു അവസ്ഥ ഉണ്ടാകരുതെന്നാണ് ആരോഗ്യ മന്ത്രിക്കുള്ള തുറന്ന കത്തിൽ പറയുന്നത്.
രണ്ട് ദിവസമാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പരിശോധനകളുടേ പേരിൽ തടഞ്ഞുവെച്ച് മാതാപിതാക്കളെയും വീട്ടുകാരെയും വിഷമിപ്പിച്ചത്. കഴിഞ്ഞ പെരുന്നാൾ ദിവസം രാവിലെയാണ് എന്റെ ഭാര്യയുടെ അനിയത്തീടെ കുട്ടി, മൂന്നര മാസം മാത്രം പ്രായമുള്ള നഫീസത്തുൽ മിസ്രിയ മരിച്ചതെന്നും മരണത്തിന്റെ വേദനക്ക് പുറമെ ആശുപത്രി അധികൃതരിൽ നിന്നും വളരെ മോശമായ പെരുമാറ്റവും ഉണ്ടായതു വേദന ഇരട്ടിയാക്കി. ഒരേ സംഭവത്തിൽ രണ്ടു നീതി നടപ്പാക്കിയതും ഏറെ വേദനിപ്പിക്കുന്നു. സംഭവത്തിൽ ടീച്ചർ ഇടപെടണമെന്ന് കത്തിൽ അഭ്യർത്ഥിക്കുന്നു. കാസർകോട് സ്വകാര്യ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ നടപടിക്രമങ്ങളുടെ ഭാഗമായാണ് ജനറൽ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞത്. പേസ്റ്റ് മോർട്ടം ചെയ്യാതെ വിട്ടുകൊടുക്കാൻ കഴിയാത്ത നിയമ പ്രശ്‌നം, ചെറിയ കുട്ടി ആയതിനാൽ ഫോറൻസിക് സർജൻ പോസ്റ്റ് മോർട്ടം ചെയ്യണം ഇന്‍ക്വസ്റ്റും മറ്റുനടപടികളും പൂർത്തികരിച്ച് പോസ്റ്റ് മോർട്ടത്തിനായി 11.30 മണിയോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നഫീസുനെ വിട്ടുകിട്ടിയത് കിട്ടിയത് ചൊവ്വാഴ്ച രാവിലെ 10:15 നാണെന്നും കത്തിൽ പറയുന്നു. അതെ ദിവസം സമാന സംഭവം നടന്നപ്പോൾ പോസ്റ്റുമോർട്ടമോ കൊവിഡ് ടെസ്റ്റോ നടത്താതെ മൃതദേഹം വിട്ടുകൊടുത്തതായും കത്തിൽ ആരോപിക്കുന്നു.