കാസർകോട്: കൊവിഡിന്റെ മറവിൽ സമൂഹത്തെയാകെ ആശങ്കയിലാക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ്. രോഗ ബാധയുടെയും ഇളവുകളുടെയും പേരിലാണ് വടക്കൻ കേരളത്തിൽ വ്യാപകമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. വിവിധ വാട്സ്‌ആപ് ഗ്രൂപ്പുകൾ വഴിയാണ് വ്യാജപ്രചരണം കൊഴുക്കുന്നത്. ഇത്തരത്തിൽ വ്യാജപ്രചരണം നടത്തുന്നവരെ കണ്ടെത്താനും അവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനും പൊലീസ് ജാഗ്രതയിലാണ്. വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി കൈക്കൊള്ളാനാണ് പൊലീസ് തീരുമാനം.
കഴിഞ്ഞ ദിവസം വോർക്കാടി പഞ്ചായത്തിൽ ചിലർ വ്യാപകമായി വ്യാജപ്രചരണം നടത്തിയിരുന്നു. കൊവിഡ് ബാധിതൻ ബാർബർ ഷാപ്പിലെത്തി തലമുടി വെട്ടിയെന്നും പഞ്ചായത്താകെ അടച്ചിടാൻ പോകുന്നുവെന്നുമായിരുന്നു പ്രചാരണം. ഇത് നാട്ടുകാരെയാകെ പരിഭ്രാന്തരാക്കി. ബഹുഭൂരിഭാഗം നാട്ടുകാരും നിജസ്ഥിതി അന്വേഷിച്ച് പൊലീസ് സ്റ്റേഷനുകളിലേക്കും ആരോഗ്യ പ്രവർത്തകർക്കും പത്രങ്ങളുടെ ഓഫീസിലേക്കും അടിക്കടി ഫോൺ ചെയ്തു. വ്യാജവാർത്ത പരക്കെ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ രംഗത്തെത്തിയതാണ് നാട്ടുകാരെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയത്. ഇത്തരം പ്രചാരണം നടത്തിയവരെ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന. ഇതിനുപിന്നാലെയാണ് ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റു ചിലർ വ്യാജ പ്രചാരണം തുടങ്ങിയത്. സൗദി അറേബ്യയിൽ മസ്ജിദ് തുറക്കാൻ അനുമതി കൊടുത്തതിന്റെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് കേരളത്തിലും അനുവാദം കൊടുത്തുവെന്ന തരത്തിലായിരുന്നു പ്രചാരണം. ഇതും പൊലീസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
ഇത്തരം പ്രചാരണം നടത്തിയ ഗ്രൂപ്പുകളെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങളുടെ സത്യാവസ്ഥ മനസിലാക്കാതെ മറ്റു ചിലർ ഇതെടുത്ത് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നുമുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവം നീക്കം നടത്തുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരം പ്രചാരണങ്ങൾ തുടർന്നാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൊവിഡിന്റെ പേരിൽ വ്യാജപ്രചരണം നടത്തിയാൽ കർശന നടപടി കൈക്കൊള്ളുമെന്നും പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു.