pic

കണ്ണൂർ: ഊടുവഴികളിലൂടെയും വനപാതയിലൂടെയും പൊലീസിന്റെ കണ്ണ് വെട്ടിച്ച് കർണാടകയിൽ നിന്ന് കണ്ണൂരിലെത്തുന്നവർ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും തലവേദനയാകുന്നു. കഴിഞ്ഞ ദിവസം വനപാതയിലൂടെ കേരളത്തിലെത്തിയ നാലംഗ സംഘത്തെ ഉളിക്കലിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇത്തരം വഴികളിലൂടെ ജില്ലയുടെവിവിധ ഭാഗങ്ങളിൽ എത്തുന്നവരിൽ ചുരുക്കം ചിലർ മാത്രമാണ് പിടിക്കപ്പെടുന്നത്. കർണാടകത്തിലെ ഗോണിക്കുപ്പയിൽ ഇഞ്ചിക്കൃഷിക്ക് പോയ ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളിലെ തൊഴിലാളികളെയാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. വനപാത വഴി കൂട്ടുപുഴയിലെത്തിയ ഇവരെ പൊലീസും ആരോഗ്യ വകുപ്പും ഇടപെട്ടാണ് നിരീക്ഷണ കേന്ദ്രത്തിലാക്കിയത്.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപാണ് കേരളത്തിൽ നിന്നു തൊഴിലാളികൾ കുരുമുളക് കൃഷിക്കും ഇഞ്ചിക്കൃഷിക്കുമായി കർണാടകയിലേക്ക് പോയത്. ജോലികൾ പൂർത്തിയായതോടെ തോട്ടം ഉടമകൾ ഇവരെ കൃഷി ഭൂമിയിൽ നിന്നു പുറത്താക്കുകയായിരുന്നു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് എത്തുന്ന ഇത്തരം ആളുകൾ ആരോഗ്യ വകുപ്പലോ പൊലീസിലോ റിപ്പോർട്ട് ചെയ്യാറില്ല. സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന ഭീഷണി നിലനിൽക്കെയാണ് ഇത്തരം പലായനങ്ങൾ നടക്കുന്നത്. പ്രത്യേകിച്ച് കർണാടകയിൽ നിന്ന് എത്തുന്നവർ നിരീക്ഷണത്തിന് വിധേയമാകേണ്ട സാഹചകര്യമാണ് നിലവിലുള്ളത്.