ദിസ്‌പൂർ: കൊവിഡ് വ്യാപനത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളെ തകർത്തെറിഞ്ഞ് ഉംപുൻ ചുഴലിക്കാറ്റും മഴയും. അസം അടക്കമുള്ള സംസ്ഥാനങ്ങളെയാണ് മഴക്കെടുതി അതിഭീകരമായി തകർത്തെറിഞ്ഞത്. ഒരാഴ്ചയായി ശമനമില്ലാതെ തുടരുന്ന മഴയിൽ മൂന്ന് ലക്ഷം കുടുംബങ്ങൾക്ക് കിടപ്പാടം ഉപേക്ഷിക്കേണ്ടി വന്നു. പതിനൊന്ന് ജില്ലകളിൽ കാർഷിക വിളകളടക്കം നശിച്ചതോടെ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കരച്ചിലൊതുക്കി കഴിയുകയാണ് ഇവർ.
അസമിൽ 57 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി സർക്കാർ സ്ഥിരീകരിച്ചു. ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടെ ഗോൽപാര ജില്ലയിൽ ഒരാൾ വെള്ളത്തിൽ മുങ്ങി മരിച്ചു. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. ഗോൽപാര ജില്ലയിൽ മാത്രം രണ്ടര ലക്ഷം പേരെ കുടിയൊഴിപ്പിക്കേണ്ടി വന്നു. 321 ഗ്രാമങ്ങൾ വെള്ളത്തിലായതോടെ ഇവരെയൊക്കെ എങ്ങനെ സംരക്ഷിക്കുമെന്നാണ് ആശങ്ക. സാമൂഹിക അകലം പാലിക്കാനാകാതെ താമസിപ്പിക്കേണ്ടി വരുന്നതിനിടെ കൊവിഡ് ബാധയുണ്ടായാൽ അത് വൻ ദുരന്തത്തിനിടയാക്കും.