മമ്പറം: ലോക്ക് ഡൗൺ കാലത്ത് വൈദ്യുതി നിരക്കിന്റെ എഴുപത് ശതമാനം ഇളവ് വരുത്തുമെന്ന വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രഖ്യാപനം വൈദ്യുതി ബോർഡിലെ ചില ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നു. പ്രളയവും ജി.എസ്.ടിയും വന്നതിന് പിന്നാലെ കൊവിഡും കൂടിയായപ്പോൾ നട്ടെല്ലൊടിഞ്ഞ വ്യാപാരികൾ ആത്മഹത്യാ മുനമ്പിലാണ്.

ബിൽ അടക്കാൻ കെ.എസ്.ഇ.ബി ഓഫീസിൽ പോയ വ്യാപാരികൾക്ക് ഇതു ഇരുട്ടടിയായി. അങ്ങനെ ഒരു പ്രഖ്യാപനവും തങ്ങൾക്ക് കിട്ടിയില്ലെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് മന്ത്രിയോട് തന്നെ പറയൂ എന്നൊക്കെയുള്ള പരിഹാസമാണ് പലയിടത്തു നിന്നുമുണ്ടായതെന്നും വ്യാപാരികളുടെ പരാതിയുണ്ട്.

ബിൽ അടക്കാൻ പോയ വ്യാപാരികളെ വിവിധ കൗണ്ടറുകളിൽ വട്ടം ചുറ്റിച്ച ശേഷം അത്തരമൊരു നിർദേശമൊന്നും തങ്ങൾക്ക് കിട്ടിയില്ലെന്ന് പറഞ്ഞാണ് ഇവരെ പറഞ്ഞയക്കുന്നത്.

ലോക്ക് ഡൗണിനു മുമ്പ് വ്യാപാരികൾക്ക് വന്ന ബില്ലിനെ അടിസ്ഥാനമാക്കി ശരാശരി നോക്കിയാണ് ബിൽ അയക്കുന്നത്. കടകൾ അടച്ചിട്ട രണ്ട് മാസത്തെ ബിൽ തുക വന്നതോടെ വ്യാപാരികൾ നെട്ടോട്ടമോടുകയാണ്. പലരും വൈദ്യുതി ഓഫീസുകൾ കയറിയിറങ്ങി നിരാശരാകുന്നു. എന്നാൽ ലഭിച്ച പരാതികൾ പരിഹരിച്ചുവെന്നാണ് വൈദ്യുതി ബോർഡിന്റെ നിലപാട്.

ഉപയോഗം കുറഞ്ഞാലും കുറയാതെ താരീഫ്

വ്യാപാര സ്ഥാപനങ്ങൾക്ക് ഉയർന്ന സ്ളാബിലാണ് ബിൽ തുക കൂട്ടുന്നത്. ഇതുമൂലം വൈദ്യുതി ഉപയോഗം കുറഞ്ഞാലും കണക്ടഡ് ലോഡ് അനുസരിച്ച് ഉയർന്ന താരിഫാണുള്ളത്. ഇതിന് അനുബന്ധമായി ഫിക്സഡ് ചാർജ് കൂടുതലായിരിക്കും. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാർജ്, മീറ്റർ വാടക അടക്കമുള്ള തുക അടക്കണം. വ്യാപാര സ്ഥാപനങ്ങൾ അടച്ച് ഒരു രൂപയുടെ വരുമാനമില്ലാതിരുന്ന വ്യാപാരികൾക്ക് ഫിക്സഡ് നിരക്ക് അടക്കമുള്ളവ കുറച്ച് നൽകണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു.

വൈദ്യുതി ബില്ലിലെ വർദ്ധനവും ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനങ്ങളും പലരുടെയും ശ്രദ്ധയിൽപ്പെടുത്തി. ഇനി ആരുടെ മുന്നിലാണ് പരാതി പറയേണ്ടതെന്നും വ്യാപാരികൾ.