കണ്ണൂർ: കൊവിഡ് 19 നിർദേശങ്ങൾ ലംഘിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കാൻ നീക്കം. കേരള കർണാടക അതിർത്തിയായ മുത്തങ്ങ, മഞ്ചേശ്വരം ചെക്ക് പോസ്റ്റുകൾ വഴിയുള്ള കടത്തിന് ചില ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു കൊടുക്കുന്നുണ്ടെന്നാണ് പരാതി.
പരിശോധനയോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് അന്യ സംസ്ഥാന തൊഴിലാളികളെ ചരക്കുലോറികളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇവിടെ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ മരാമത്ത് പണിയിലും കെട്ടിട നിർമാണ മേഖലയിലേക്കും അന്യസംസ്ഥാന തൊഴിലാളികളെ ആവശ്യമായി വന്നിരിക്കുകയാണ്. ഇവിടെ നിന്നും നാട്ടിലേക്ക് തിരിച്ചുപോയ അന്യസംസ്ഥാന തൊഴിലാളികളെ വീണ്ടും കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്.
പരിശോധന ശക്തമാക്കും
തൊഴിലാളികളെ രജിസ്റ്റർ ചെയ്യാതെ എത്തിച്ചാൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിർത്തികളിൽ കർശന പരിശോധനയ്ക്ക് പൊലീസിന് നിർദേശവും നൽകിയിട്ടുണ്ട്. പുറത്തു നിന്ന് വരുന്ന തൊഴിലാളികൾക്കു പ്രത്യേക പാസ് ആവശ്യമാണ്.
തൊഴിലാളികളുടെ കൊവിഡ് പരിശോധനയും ഇതിന്റെ ഉത്തരവാദിത്വവും കരാറുകാർക്കാണ്. കോഴിക്കോട് ജില്ലാ അതിർത്തികളിൽ കൂടുതൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് നിന്നും അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്കും അനധികൃതമായി കടത്തുന്നുണ്ട്.