കാഞ്ഞങ്ങാട്: പ്രകൃതിയെ ഒരു പരിധിക്കപ്പുറം ഉപദ്രവിച്ചതിന്റെ പ്രത്യാഘാതമാണ് കൊവിഡെന്ന് മലയാളം സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ പറഞ്ഞു. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുതിയ നാഗരികതയുടെ സകല ആഭിചാരങ്ങളിലും മുഴുകി ജീവിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് ഒറ്റപ്പെടലിന്റെയും അടച്ചിടലിന്റെയും കാലമായത് സ്വാഭാവികം. ഇതിൽ നിന്നു മഹാകവിയിലേക്ക് വരുമ്പോൾ ശ്രദ്ധിക്കുന്ന ഒരു കാര്യം അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം നമ്മുടെ കാലഘട്ടത്തിൽ നിന്നു വ്യത്യസ്തമാണെങ്കിൽപ്പോലും മനുഷ്യനെ കാത്തിരിക്കുന്ന മാറ്റങ്ങളുടെ ഒരു വലിയ നാളെയെ കുറിച്ചുള്ള ആശങ്കകൾ പി. കവിതയിൽ അങ്ങിങ്ങ് കാണാൻ സാധിക്കും. ഒരു പക്ഷെ ഗൃഹാതുരത്വത്തിലേക്ക് പോകുന്നതു പോലും ഇന്നിന്റെയും നാളത്തെയും ജീവിതത്തിന്റെ അല്ലെങ്കിൽ വരാനിരിക്കുന്ന നാളുകളെ പറ്റിയുള്ള ആശങ്കകൊണ്ടു കൂടിയാകണം. പ്രകൃതി ഉപാസകൻ എന്നൊക്കെ നമ്മളീ കവിയെ പറ്റി പറയുമ്പോഴും അദ്ദേഹവും പ്രകൃതിയുമായുള്ള ബന്ധം എന്തായിരുന്നുവെന്നും എങ്ങനെയല്ലാമായിരുന്നുവെന്നും അറിയാതെയാണ് ഉപരിപ്ലവമായി നമ്മൾ പിയെ പ്രകൃതി ഉപാസകനാക്കുന്നത്. പ്രകൃതിയോട് നമുക്ക് ഉണ്ടാകേണ്ട ആരാധനയും സമർപ്പണവും കലർന്ന ആദരവും ബന്ധങ്ങളും പി. കവിതകളിൽ കാണാം. ജയകുമാർ അനുസ്മരിച്ചു.