vatt
എക്‌സൈസും വനംവകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിൽ രാമാച്ചി വനാതിർത്തിയിൽ നിന്നും പിടികൂടിയ വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും

230 ലിറ്റർ വാഷും 8 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു; രണ്ടുപേർക്കെതിരെ കേസ്


പേരാവൂർ: എക്‌സൈസും വനം വകുപ്പും ചേർന്ന് മണത്തണ സെക്ഷൻ വനമേഖലയിൽ നടത്തിയ സംയുക്ത റെയ്ഡിൽ കരിയങ്കാപ്പ് രാമച്ചി വനാതിർത്തിയിലെ തോട്ടിൽ പ്രവർത്തിച്ചിരുന്ന വൻ ചാരായ വാറ്റുകേന്ദ്രം കണ്ടെത്തി തകർത്തു. 230 ലിറ്റർ വാഷും 8 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വാറ്റു കേന്ദ്രത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ടു പേർക്കെതിരെ കേസെടുത്തു.

അടയ്ക്കാത്തോട് കരിയംകാപ്പ് സ്വദേശികളായ വൈദ്യർ ഷാജി എന്ന ചാക്കോ (38), പ്രജേഷ് (32) എന്നിവർക്കെതിരെയാണ് കേസെടുത്തത്. കരിയങ്കാപ്പിൽ നിന്നും കിലോമീറ്ററുകൾ ചെങ്കുത്തായ മല കയറിയാലാണ് ജനവാസ കേന്ദ്രത്തിൽ നിന്നും ഏറെ ദൂരെ മാറിയുള്ള വനാതിർത്തിയിലെ വാറ്റു കേന്ദ്രം. ബുധനാഴ്ച രാത്രി കനത്ത മഴയ്ക്കിടെയാണ് അതിസാഹസികമായ നീക്കത്തിലൂടെ എക്‌സൈസ് സംഘം വാറ്റു കേന്ദ്രത്തിലെത്തിയത്. തോട്ടിലെ കൂറ്റൻ കരിങ്കൽപ്പാറകളുടെ മറവിൽ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി ടെന്റ് തയ്യാറാക്കിയാണ് ചാരായം വാറ്റിയിരുന്നത്.

നൂറു ലിറ്ററിന്റെ നീല പ്ലാസ്റ്റിക് ബാൽ, 50 ലിറ്ററിന്റെ അലുമിനിയം കലം, ഇരുപത്തഞ്ചു ലിറ്ററിന്റെ നാലു പ്ലാസ്റ്റിക് ജാറുകൾ എന്നിവയിലായാണ് വാഷ് തയ്യാറാക്കിരുന്നത്. വാറ്റു കേന്ദ്രത്തിലേക്ക് വെള്ളം എത്തിക്കാൻ ഉപയോഗിച്ച പൈപ്പും വലിയകലവും ചരുവവുമുൾപ്പെടെയുള്ള വാറ്റുപകരണങ്ങളും ചാക്കിൽ സൂക്ഷിച്ച വെല്ലവും കസ്റ്റഡിയിലെടുത്തു.

റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.പി. സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, സി.പി. ഷാജി, പി.എസ്. ശിവദാസൻ, എൻ.സി. വിഷ്ണു, എ.എം. ബിനീഷ്, പി.ജി. അഖിൽ, എക്‌സൈസ് ഡ്രൈവർ എം. ഉത്തമൻ, കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ച് മണത്തണ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് വാച്ചർ ഗണേഷ് എന്നിവർ പങ്കെടുത്തു.

മട്ടന്നൂർ വട്ടക്കയം ആക്കാംപറമ്പ് ഭാഗത്ത് ചെങ്കൽ പണയിൽ നടത്തിയ റെയ്ഡിൽ എക്സൈസ് വാറ്റുകേന്ദ്രം കണ്ടെത്തി തകർത്തു. വാഷ് നശിപ്പിച്ചു.