കാഞ്ഞങ്ങാട്: രണ്ടിടങ്ങളിൽ തീപിടുത്തം. പുതിയ കാേട്ട മിനി സിവിൽ സ്റ്റേഷന് പിറകിലും പടിഞ്ഞാറേക്കര ചൂരിവയലിലുമാണ് തീപിടുത്തമുണ്ടായത്. സിവിൽ സ്റ്റേഷനു പിറകിൽ എൻ.എച്ച്.എം, വാട്ടർ അതോറിറ്റി ഓഫീസുകൾക്ക് സമീപം നിർത്തിയിട്ട ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സഞ്ചരിക്കുന്ന നേത്ര യൂണിറ്റിന്റെ പഴകിയ ആംബുലൻസ് തീപിടുത്തത്തിൽ കത്തിനശിച്ചു. ഇന്നലെ രാവിലെ 10 .30 ഓടെയാണ് സംഭവം.

സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിൽ തീപിടിച്ചതിനെത്തുടർന്നാണ് വാഹനത്തിലേക്ക് തീ പടർന്നത്. കാഞ്ഞങ്ങാട് അഗ്നിശമന നിലയത്തിലെ ഓഫീസർ വി.എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ ഫയർമാൻ ഡ്രൈവർ രതീഷ്, ഫയർമാൻ മുഹമ്മദ് അജ്മൽ ഷാ, ഹോം ഗാർഡ് കെ. രമേശൻ എന്നിവർ എത്തിയാണ് തീ അണച്ചത്. വാഹനം ഏതാണ്ട് പൂർണമായും കത്തി നശിച്ചു.

അജാനൂർ പടിഞ്ഞാറേക്കര ചൂരി വയലിലെ ഉണക്ക പുല്ലിന് തീപിടിച്ചതിനെത്തുടർന്ന് അഗ്നിശമന സേന ഇവിടെയുമെത്തി തീയണച്ചു. കഴിഞ്ഞ ദിവസം ചേറ്റുകുണ്ട് പുച്ചക്കാട് ഭാഗങ്ങളിൽ പാടത്ത് ഉണക്കപ്പുല്ലിനു ഉച്ചയ്ക്കും രാത്രിയും തീ പിടിച്ചിരുന്നു. മടിക്കൈ വെള്ളൂടയിലെ സോളാർ പാർക്ക് പരിസരത്തും തീപിടുത്തമുണ്ടായി.