കാസർകോട്: കണ്ടെയ്ൻമെന്റ് സോൺ ഉൾപ്പെടുന്ന സ്ഥലത്തെ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെ മാത്രമേ തുറന്നു പ്രവർത്തിക്കാവുയെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കളക്ടറേറ്റിൽ നടന്ന കോറോണ കോർ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടങ്ങളിലെ ആളുകൾ ആവശ്യമില്ലാതെ റോഡിൽ ഇറങ്ങുന്നത് അനുവദിക്കില്ല. ഈ മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു.
കണ്ടെയ്ൻമെന്റ് സോണിലെ എല്ലാ വാർഡുകളിലും വാർഡ്തല ജാഗ്രത സമിതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കും. ശക്തമായ നിരീക്ഷണം നടത്തുന്നതിന് പൊലീസ് വളണ്ടിയർ സംവിധാനം സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിലേക്ക് 1276 പേർ അടങ്ങുന്ന ലിസ്റ്റ് യുവജന ക്ഷേമ ബോർഡ് നൽകിയിട്ടുണ്ട്.
ജില്ലയിലെ ജയിലുകളിൽ പുതുതായി പ്രവേശിപ്പിക്കുന്ന തടവുകാർക്ക് കൊവിഡ് പരിശോധന നടത്തും. റിപ്പോർട്ട് വരുന്നതു വരെ ഇവർക്ക് സ്‌കൂളുകളിൽ സൗകര്യമൊരുക്കാനും തീരുമാനിച്ചു.