മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ മണപ്പുറം ഫിനാൻസിന്റെ സാമ്പത്തിക സഹായത്തോടെ ഒരുക്കിയ തെർമൽ സ്‌ക്രീനിംഗ് സ്മാർട്ട് ഗേറ്റ് സംവിധാനം പ്രവർത്തനമാരംഭിച്ചു. യാത്രക്കാരെ തെർമൽ സ്‌ക്രീനിംഗിന് വിധേയമാക്കാൻ സൗകര്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ ടെക്നിക്കൽ സംവിധാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയത്.
ഒരേസമയം പത്തിലേറെപ്പേരുടെ ശരീര ഊഷ്മാവ് പത്തു മീറ്റർ അകലെ നിന്നു പോലും തിരിച്ചറിയാൻ ഈ ഉപകരണത്തിലൂടെ സാധിക്കും. ആഭ്യന്തര അന്താരാഷ്ട്ര ടെർമിനലുകൾക്ക് പുറമേ വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും പരിശോധിക്കുന്നതിനുള്ള ഓട്ടോമാറ്റിക് ചെക്കിംഗ് സംവിധാനവും എയർപോർട്ടിൽ ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. സ്‌ക്രീനിംഗ് സ്മാർട്ട് ഗേറ്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ കളക്ടർ ടി.വി സുഭാഷ്, കിയാൽ മാനേജിംഗ് ഡയറക്ടർ തുളസീദാസ്, മണപ്പുറം ഫിനാൻസ് കണ്ണൂർ റീജണൽ മാനേജർ വി.കെ. ധനേഷ്, ഏരിയ മാനേജർ സെക്യൂരിറ്റി ടി.പി. ശശിധരൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.