കാസർകോട്: മഹാരാഷ്ട്രയിലെ റെഡ് സോൺ മേഖലയിൽ നിന്ന് അതിതീവ്ര സ്വഭാവമുള്ള കൊവിഡ് വൈറസുമായി ആളുകൾ കൂട്ടത്തോടെ എത്തുകയും രോഗികൾ ഗണ്യമായി പെരുകുകയും ചെയ്തതോടെ ജില്ല വീണ്ടും രോഗഭീതിയിൽ. കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള കാസർകോട് ജില്ലക്കാരായ ആളുകളുടെ വരവോടുകൂടിയാണ് മൂന്നാംഘട്ട കൊവിഡ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന രോഗനിരക്കുള്ള മഹാരാഷ്ട്രയിൽ നിന്നും ഇനിയും ധാരാളം ആളുകൾ ജില്ലയിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. മൂന്നാംഘട്ട വ്യാപനത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 81 രോഗികളിൽ 57 പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. കർണാടകയിൽ നിന്നും വന്ന ഒരാൾക്കും തമിഴ് നാട്ടിൽ നിന്നും എത്തിയ രണ്ടു പേർക്കും വിദേശരാജ്യങ്ങളിൽ നിന്നും വന്ന 13 പേർക്കുംരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഈ കാലയളവിൽ എട്ടു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗ പകർച്ച ഉണ്ടായിട്ടുള്ളത്.

ഈ കാലയളവിൽ വിദേശരാജ്യങ്ങളിൽ നിന്നും 646 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 4976 പേരും ജില്ലയിലേക്ക് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ നിന്നടക്കം കൂടുതലായി ആളുകൾ ജില്ലയിലേക്ക് എത്തുന്നതോടെ രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ കനത്തജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.


ബൈറ്റ്

ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും ആൾക്കാർ കൂട്ടം കൂടുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കും. അനാവശ്യമായ യാത്രകൾ,ആശുപത്രി സന്ദർശനങ്ങൾ എന്നിവ ഒഴിവാക്കേണ്ടതും മാസ്‌ക് ധരിക്കൽ, കൈകഴുകൽ എന്നീ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയണം. ഒന്നും രണ്ടും ഘട്ടങ്ങളിൽ നാം ജാഗ്രതയോടുകൂടി നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച മൂന്നാം ഘട്ടത്തിലും ഉണ്ടായാൽ സമൂഹ വ്യാപനം തടയാം.

ഡോ. എ.വി. രാംദാസ്

(കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ)

മൂന്നാംഘട്ടം കൊവിഡ്

ആകെ രോഗികൾ 81

മഹാരാഷ്ട്ര 57

തമിഴ്നാട് 2

കർണാടക 1

വിദേശരാജ്യങ്ങൾ 13