രണ്ടു പേർക്ക് സമ്പർക്കത്തിലൂടെ


കണ്ണൂർ: ജില്ലയിൽ 10 പേർക്കു കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. നാലു പേർ വിദേശത്തു നിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കണ്ണൂർ വിമാനത്താവളം വഴി മേയ് 19ന് ഐഎക്സ് 790 വിമാനത്തിൽ കുവൈത്തിൽ നിന്നെത്തിയ മാലൂർ സ്വദേശികളായ 59കാരനും 58കാരിയും മസ്‌ക്കത്തിൽ നിന്ന് ഐഎക്സ് 714 വിമാനത്തിൽ 20നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 49കാരി, 22നെത്തിയ തളിപ്പറമ്പ് സ്വദേശി 65കാരൻ എന്നിവരാണ് വിദേശത്തു നിന്നു വന്നവർ.
മൊയ് 15ന് മുംബൈയിൽ നിന്നെത്തിയ ചൊക്ലി സ്വദേശി 17കാരൻ, ചെന്നൈയിൽ നിന്നെത്തിയ ഏച്ചൂർ സ്വദേശി 36കാരൻ, 16ന് ബെംഗളൂരുവിൽ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 39കാരൻ, 20ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ ചെറുപുഴ സ്വദേശി 25കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവർ. ധർമടം സ്വദേശി ഒൻപതുകാരനും മുഴപ്പിലങ്ങാട് സ്വദേശി 38കാരനുമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവർ. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 207 ആയി. ഇതിൽ 120 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ 12478 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇതുവരെ ജില്ലയിൽ നിന്നും 6307 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5930 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5596 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 377 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.