കാസർകോട്: കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആളും ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ യുവാവും കിണറിൽ കുടുങ്ങി. ഉപ്പള അഗ്നിശമന സേന ഉദ്യോഗസ്ഥർ എത്തി കിണറിലിറങ്ങി ഇരുവരെയും രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം. പൈവളികെ ഗ്രാമ പഞ്ചായത്തിലെ ബായാർ ബോൾക്കെട്ടയിലെ ഹമീദിന്റെ വീട്ടിൽ കിണർ ശുചീകരിക്കാൻ ഇറങ്ങിയ അബ്ദുൾ ഖാദറിന്റെ മകൻ അബൂബക്കർ (49) ആണ് കിണറിൽ കുടുങ്ങിയത്.
വൃത്തിയാക്കിയ ശേഷം കയറിവരുന്നതിനിടെ കൈവഴുതി ഇയാൾ കിണറിൽ വീഴുകയായിരുന്നു. സംഭവം കണ്ടുകൊണ്ടു നിന്നിരുന്ന അയൽവാസി നാരായണന്റെ മകൻ ഹരിപ്രസാദ് (19 ) അബൂബക്കറിനെ രക്ഷിക്കാനായി കിണറിലേക്ക് ഇറങ്ങി. വിവരമറിഞ്ഞു ഉപ്പള ഫയർ സ്റ്റേഷനിലെ സീനിയർ ഓഫീസർമാരായ ബാബുരാജ്, ടിത ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കിണറിൽ വീണപ്പോൾ സാരമായി പരിക്കേറ്റ അബൂബക്കറിനെയും നിസാര പരിക്കേറ്റ ഹരിപ്രസാദിനെയും മംഗൽപ്പാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടു പേർ ബുധനാഴ്ച ശ്വാസംമുട്ടി മരിച്ച സംഭവം നടന്നത് തൊട്ടടുത്ത വാർഡിലാണ്.