കാസർകോട്: കുവൈത്തിൽ നിന്നും നാട്ടിലേക്ക് വരുന്നവരുടെ വിവരങ്ങൾ കൈമാറാത്തതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും കാസർകോട്ടേക്ക് പുറപ്പെട്ട 14 പ്രവാസികൾ കാലിക്കടവ് ജില്ലാ അതിർത്തിയിൽ കുടുങ്ങിയത് നാലു മണിക്കൂർ. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി രണ്ടു ബസുകളിലായി ഇന്നലെ പുലർച്ചെ പുറപ്പെട്ട പ്രവാസികളാണ് കാലിക്കടവ് അതിർത്തിയിൽ തടയപ്പെട്ടത്.

ഒരു ബസിൽ 12 പേരും മറ്റേ ബസിൽ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് കാസർകോട് ജില്ലാ അതിർത്തിയിൽ പ്രവാസികൾ എത്തിയത്. തൃക്കരിപ്പൂർ, പിലിക്കോട്, നീലേശ്വരം, മടിക്കൈ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിൽ പോകേണ്ടവരാണ് ബസുകളിൽ ഉണ്ടായിരുന്നത്. കുവൈത്തിൽ നിന്നും വരുന്നവർ ആയതിനാൽ കൊവിഡ് പരിശോധന നടത്തി കടത്തിവിടുകയും ക്വാറന്റീനിലാക്കുകയും വേണം. എന്നാൽ ബസുകൾ എത്തുമ്പോൾ അതിർത്തിയിൽ ഇവരെ പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും കുറവായിരുന്നു. സ്‌കൂൾ ഡ്യൂട്ടിയുണ്ടായതാണ് പ്രശ്നമായത്.

ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്തി തരണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടപ്പോൾ സ്ഥലത്തുണ്ടായിരുന്ന വില്ലേജ് ഓഫീസർ അനിൽകുമാർ ഇതിനായി ആയിരം രൂപ വീതം അടക്കണമെന്ന് ആവശ്യപ്പെട്ടു. ഔട്ട് പാസിൽ വരുന്നവർ ആണെന്നും കാശില്ലെന്നും പ്രവാസികൾ പറഞ്ഞെങ്കിലും അനുവദിച്ചില്ല. ഇതിനിടെ ബസിൽ എത്തിയവർ അതിർത്തിയിൽ ഇറങ്ങിനടക്കുന്ന സാഹചര്യം ഉണ്ടായതോടെ നാട്ടുകാർ ഇടപെട്ട് തർക്കമായി. ഇതിനിടെ റവന്യു ഉദ്യോഗസ്ഥനായ അരുൺ, ചന്തേര സി.ഐ കെ.പി സുരേഷ്ബാബു എന്നിവർ സ്ഥലത്തെത്തി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു പ്രശ്നം പരിഹരിച്ചു. അപ്പോഴേക്കും സമയം വൈകുന്നേരം നാലുമണിയായിരുന്നു. പ്രവാസികളെ ഞാണങ്കൈ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിൽ പാർപ്പിച്ചു.