പാപ്പിനിശേരി: പാപ്പിനിശേരിയിൽ ഇന്നലെ രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് അവസാനിച്ചത് രാത്രി ഏഴിന്. ദേശീയപാതയിൽ കൊവിഡ് കാല ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയുള്ള നടപടികൾ സർക്കാരും പൊലീസും ശക്തമാക്കണമെന്ന ആവശ്യമുയരുമ്പോഴാണ് ഇന്നലെ വളപട്ടണം ടോൾ പരിസത്തും പാലത്തിലും പഴയങ്ങാടി റോഡിലും പാപ്പിനിശ്ശേരി ഭാഗത്ത് ചുങ്കംവരെയും ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.

ബീവറേജസിലെത്തിയവരുടെ തിരക്ക് ആയപ്പോൾ നിയന്ത്രിക്കാൻ ആരുമില്ലാതായി. വളപട്ടണം പാലത്തിൽ ഒരു ഭാഗത്ത് കൂടി വാഹനം കടന്നു പോവുമ്പോൾ തടസപ്പെടുത്തുന്ന വിധത്തിൽ വാഹനങ്ങൾ കയറുന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഇതു കാരണം ബസുകളും ആംബുലൻസും ദുരിതത്തിലായി. പഴയങ്ങാടി റോഡ് വഴി വലിയ ട്രക്ക് -ചരക്ക് ലോറികൾ പോലുള്ളവ കൂട്ടത്തോടെ എത്തിയതും തീരാദുരിതമായി. പരീക്ഷക്കിറങ്ങിയ വിദ്യാർത്ഥികളടക്കം അത്യാവശ്യസർവ്വീസുകളുടെ സമയത്ത് ഇത്തരംവലിയ വാഹനങ്ങൾ നിർത്തിവെക്കാൻ പൊലീസ് അധികാരികൾ നിർദ്ദേശം നൽകുകയാണെങ്കിൽ ഇതുപോലുള്ള ഗതാഗതക്കുരുക്ക് ഒരു പരിധിവരെ ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.