pic

കണ്ണൂർ: പ്രവാസികളുടെയും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ആളുകളുടെയും വരവോടെ കണ്ണൂരിൽ വൻതോതിൽ കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്നു. ജില്ലയിലെ ആശുപത്രികളിലായി 93 പേർ ചികിത്സയിലുള്ളതിൽ കോഴിക്കോട് സ്വദേശികൾ അഞ്ചും കാസർകോടുകാർ രണ്ടുമാണ്. ഇതിനകം നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും 12,478 ആയി ഉയർന്നിട്ടുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 65 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 73 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 26 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 20 പേരും വീടുകളിൽ 12,294 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി ജില്ലയിൽ നിന്നും 6307 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 5930 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5596 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 377 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് ഇനിയും വരാൻ തയ്യാറെടുക്കുന്നത്. ഇതോടെ കർശന ജാഗ്രത പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നാണ് ആശങ്ക. പ്രവാസികൾ ഹോം ക്വാറന്റീൻ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നെന്ന വ്യാജ പ്രചരണവും അധികൃതർക്ക് തലവേദനയുണ്ടാക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നതും ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.