pic

കണ്ണൂർ: ചെറുപുഴ തട്ടുമ്മൽ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളത് 40 പേർ. മുള്ളൻപന്നിയെ വെടിവച്ചു കൊന്ന കേസിൽ കോടതിയിൽ കീഴടങ്ങി റിമാൻഡിലാവുകയും തുടർന്നു നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത ആളുടെ സമ്പർക്ക പട്ടിക തയ്യാറായി. പ്രാഥമിക സമ്പർക്ക പട്ടികയാണ് ഇപ്പോൾ തയ്യാറായിട്ടുള്ളത്. സമ്പർക്ക പട്ടികയിൽ കൂടുതൽ ഉണ്ടാകുമെന്നാണ് പൊലീസും ആരോഗ്യ വകുപ്പും നൽകുന്ന സൂചന. സെക്കൻഡറി കോൺടാക്ടിൽ 148 ആളുകൾ വേറെയുമുണ്ട്.

കോടതി കഴിഞ്ഞദിവസം ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോൾ ചികിത്സയിലാണ്.

പൊലീസ് കേസെടുത്തതറിഞ്ഞ് ഇയാൾ ഒന്നര മാസത്തോളം ഒളിവിലായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ തയ്യാറാക്കിയ പട്ടിക അപൂർണമാണ്. ഒളിവിൽ പാർപ്പിച്ചവർ കേസിൽ കുടുങ്ങുമെന്നതിനാൽ സ്വയം വെളിപ്പെടുത്താൻ പലരും തയാറാകുന്നുമില്ല. ഇയാളുടെ വീട് സ്ഥിതി ചെയ്യുന്ന ചെറുപുഴ പഞ്ചായത്തിൽ പ്രാഥമിക പട്ടികയിൽ 11 പേരും സെക്കൻഡറിപ്പട്ടികയിൽ 77 പേരുമാണുള്ളത്. ഭാര്യാ വീട് സ്ഥിതി ചെയ്യുന്ന കാങ്കോൽആലപ്പടമ്പ പഞ്ചായത്തിൽ പ്രാഥമിക പട്ടികയിൽ 9ഉം, സെക്കൻഡറിപ്പട്ടികയിൽ 28 ഉം, പെരിങ്ങോംവയക്കര പഞ്ചായത്തിൽ പ്രാഥമിക പട്ടികയിൽ 7 ഉം സെക്കൻഡറിപ്പട്ടികയിൽ 43 ഉം പേരുമാണ് ഉള്ളത്. ഇയാൾ കീഴടങ്ങിയ പയ്യന്നൂർ മജിസ്‌ട്രേട്ട് കോടതിയിലെ ജഡ്ജി ഉൾപ്പെടെ 9 പേരും, 3 സിവിൽ പൊലീസ് ഓഫിസർമാരും പൊലീസ് ഡ്രൈവറും നിരീക്ഷണത്തിൽ കഴിയുകയാണ്. നിരീക്ഷണത്തിൽ കഴിയുന്നർ സമ്പർക്കത്തിലേർപ്പെട്ടവരും ഇപ്പോൾ ആശങ്കയിലാണ് ദിവസങ്ങൾതള്ളിനീക്കുന്നത്.