delhi

ന്യൂഡൽഹി: പതിനയ്യായിരത്തിലേറെ ആളുകൾ കൊവിഡ് ബാധിതരാവുകയും മുന്നൂറിലേറെ പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്ത രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ മൃതദേഹങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ പോലും കഴിയുന്നില്ല. കംപ്രസ്ഡ് നാചുറൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആറ് ശ്മശാനങ്ങളിൽ നാലെണ്ണവും തകരാറിലായതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇതോടെ അപകടകരമാം വിധത്തിൽ വിറക് ഉപയോഗിച്ചാണ് സംസ്കാരം നടക്കുന്നത്. ഇത്തരം പ്രവൃത്തി വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക.

മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്നത് ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ വേറെ വഴിയില്ലെന്നാണ് വിലയിരുത്തൽ. കെജ്രിവാൾ സർക്കാർ കൊവിഡ് വ്യാപന കാലത്ത് തീർത്തും പരാജയമാണെന്നും ആരോപണം ഉയരുന്നുണ്ട്. ഒട്ടേറെ ജനക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ സർക്കാരാണ് കൊവിഡ് വ്യാപന കാലത്ത് കാഴ്ചകാരന്റെ റോളിൽ ഒതുങ്ങിയത്. രോഗം പകരുമെന്ന് ആശങ്കയുള്ളതിനാൽ നേരത്തേ കൊവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിക്കാനും അനുവദിച്ചിരുന്നില്ല. അവശേഷിക്കുന്ന രണ്ട് ശ്മശാനങ്ങൾ കൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയിലാണ് മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നത്.