കാസർകോട്: ബെവ്ക്യു ആപ് വഴി ടോക്കൺ ബുക്ക് ചെയ്യുന്നതിന് അനുസരിച്ചു വില്പന നടത്താൻ മദ്യം ഇല്ലാത്തതിനാൽ മദ്യശാലകൾക്ക് വീണ്ടും ലോക്ക് വീണേക്കും.

കാസർകോട് ജില്ലയിലെ ബാറുകളിൽ ഏതാനും ദിവസങ്ങൾ വില്പന നടത്തുന്നതിനുള്ള മദ്യം മാത്രമാണ് സ്റ്റോക്കുള്ളത്. ആദ്യദിവസം ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്ത മുഴുവൻ പേർക്കും ടോക്കൺ ലഭിച്ചത് ബാറുകളിലേക്കാണ്. ഇതുകാരണം മുഴുവൻ ബാറുകൾക്ക് മുമ്പിലും തിരക്കും അനുഭവപ്പെട്ടു. ചെറുവത്തൂർ ഉൾപ്പെടെയുള്ള ബാറുകളിൽ പൊരിവെയിലത്ത് ക്യൂ നിന്നാണ് ഭൂരിഭാഗം പേരും മദ്യം വാങ്ങിയത്.

രണ്ടാം ദിവസവും ഇതുതന്നയായിരുന്നു അവസ്ഥ. ബാറിന് അടുത്ത് താമസിക്കുന്നവർക്കും ടോക്കൺ ലഭിച്ചത് അകലെയുള്ള ബിവറേജസ് ഔട്ട് ലെറ്റുകളിലേക്കാണ്. നക്ഷത്ര ഹോട്ടലുകളിൽ വിലകൂടിയ മദ്യം മാത്രമായതിനാൽ ഇത് വാങ്ങിക്കാൻ കാശില്ലാതെ തിരിച്ചു പോയവരുമുണ്ട്.

ഡിസ്റ്റിലറികൾ പൂർവസ്ഥിതിയിലായില്ല

ലോക്ക് ഡൗൺ കാരണം കേരളത്തിലെ ഡിസ്റ്റിലറികളിൽ മദ്യത്തിന്റെ ഉത്പാദനം നടന്നിട്ടില്ല. നിലവിലുള്ള സ്റ്റോക്ക് വളരെ കുറവുമാണ്. നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് മദ്യം എത്തിക്കേണ്ടത്. ലോക്ക് ഡൗൺ നീണ്ടുപോയാൽ അതിനും പ്രയാസം നേരിടും. മറ്റ് സംസ്ഥാനങ്ങളിലെ മദ്യത്തിന്റെ വിലയിലുള്ള അന്തരവും പ്രശ്നമാണ്. കൂടിയ വിലക്ക് മദ്യം വാങ്ങി കൊണ്ടുവന്ന് വില്പന നടത്തുന്നതും പ്രായോഗികമല്ല. അതേസമയം കെ.എസ്.ബി.സി മറ്റു കമ്പനികളുമായി കരാറുണ്ടാക്കി മദ്യം കൊണ്ടുവരാനും ശ്രമിക്കുന്നുണ്ടെന്ന് പറയുന്നു.

ബൈറ്റ്

ഡിസ്റ്റിലറികൾ പ്രവർത്തിച്ചു തുടങ്ങിയതിനാലും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മദ്യം വാങ്ങിക്കുന്നതിന് ശ്രമം നടത്തിവരുന്നതിനാലും മദ്യത്തിന്റെ സ്റ്റോക്ക് കുറയാൻ സാധ്യതയില്ല. പുതിയ സാഹചര്യത്തിൽ ബാറുകളിൽ കൂടുതൽ മദ്യം സ്റ്റോക്ക് ചെയ്യാൻ ഉടമകൾ തയ്യാറാകാത്തത് കൊണ്ടാകാം മദ്യത്തിന്റെ അളവ് കുറവാണെന്ന് പറയുന്നത്. ലൈസൻസ് ഫീസ് അടക്കേണ്ടുന്ന പ്രശ്നവും ഓൺലൈൻ മദ്യവില്പന എത്രകാലം തുടരും എന്നതിലെ അവ്യക്തതയും കാരണം കൂടുതൽ പണം മുടക്കി മദ്യം സ്റ്റോക്ക് ചെയ്യാൻ ബാറുടമകൾ തയ്യാറായിട്ടുണ്ടാകില്ല.

കെ.കെ അനിൽകുമാർ

(എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ , കാസർകോട് )

കാസർ‌കോട്ട് ആദ്യ ദിവസം

മദ്യവിൽപന 11983 ലിറ്റർ

ബിയർ 5051 ലിറ്റർ

വൈൻ 36 ലിറ്റർ

ലഭിച്ച തുക 99 ലക്ഷം രൂപ