anjana

കാസർകോട്: നീലേശ്വരം പുതുക്കൈയിലെ അഞ്ജനയുടെ (21) മരണം കൊലപാതകമാണെന്ന അമ്മ മിനിയുടെ ആരോപണത്തിന് പിന്നാലെ സംഭവം അന്വേഷിക്കാൻ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഗോവ സർക്കാർ നിയോഗിച്ചു. മെയ് 13 നാണ് ഗോവയിലെ താമസ സ്ഥലത്തിന് സമീപം യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് വടകര സ്വദേശികളുടെ കൂടെ ഗോവയിൽ എത്തിയതായിരുന്നു അഞ്ജന. നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയുള്ള മരണം സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. മരണത്തിലെ ദുരൂഹത നീക്കി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി വൈശാഖ് കേളോത്ത് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന് പരാതി നൽകിയിരുന്നു.

ചിന്നു സുൽഫിക്കർ എന്ന അഞ്ജന കെ. ഹരീഷിന്റെ മരണത്തിൽ പ്രാഥമിക അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് ഗോവ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. വീട്ടിലേക്ക് തിരികെയെത്താൻ അഞ്ജന ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അവൾ ആത്മഹത്യ ചെയ്തതായി ഗോവയിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അമ്മ മിനിയെ ഫോണിൽ അറിയിക്കുന്നത്. ചില സംഘടനകളുമായി ബന്ധമുള്ളതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതിയിൽ പറയുന്നു. അഞ്ജനയുടേത് ആത്മഹത്യയാണെന്ന് വടക്കൻ ഗോവ എസ്.പി പറഞ്ഞതായി മരിക്കുമ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു.