pic

കാസർകോട്: കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ കാസർകോട്ട് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധന ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകളുടെ വരവോടെയാണ് മൂന്നാംഘട്ടത്തിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന രോഗനിരക്കുള്ള മഹാരാഷ്ട്രയിൽ നിന്നും ഇനിയും ധാരാളം ആളുകൾ ജില്ലയിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. മൂന്നാംഘട്ട വ്യാപനത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 81 രോഗികളിൽ 57 പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. കർണാടകയിൽ നിന്നും വന്ന ഒരാൾക്കും തമിഴ് നാട്ടിൽ നിന്നും എത്തിയ രണ്ടു പേർക്കും വിദേശരാജ്യങ്ങളിൽ നിന്നും വന്ന 13 പേർക്കുംരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഈ കാലയളവിൽ എട്ടു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗ പകർച്ച ഉണ്ടായിട്ടുള്ളത്.

സമൂഹ വ്യാപനം ഒഴിവാക്കാൻ കനത്ത ജാഗ്രതയിലാണ് ആരോഗ്യപ്രവർത്തകർ. ഈ കാലയളവിൽ വിദേശരാജ്യങ്ങളിൽ നിന്നും 646 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 4976 പേരും ജില്ലയിലേക്ക് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ നിന്നടക്കം കൂടുതലായി ആളുകൾ ജില്ലയിലേക്ക് എത്തുന്നതോടെ രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ കനത്തജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.

ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ പൊതു ഇടങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും ആൾക്കാർ കൂട്ടം കൂടുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് പറഞ്ഞു. അനാവശ്യമായ യാത്രകൾ,ആശുപത്രി സന്ദർശനങ്ങൾ എന്നിവ ഒഴിവാക്കുകയും മാസ്‌ക് ധരിക്കൽ, കൈകഴുകൽ എന്നീ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.