ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നെ ഇന്നത്തെ നിലയിൽ എത്തിച്ചതിന് വളരെ വലിയ പങ്കാണ് വീരേന്ദ്രകുമാറിനുള്ളത്. ആദ്യം മുതൽക്കു തന്നെ ഏറ്റവും ഗാഢമായ ബന്ധമാണ് അദ്ദേഹവും ഞാനും തമ്മിലുണ്ടായിരുന്നത്. മാതൃഭൂമിയിൽ എഴുതുമ്പോൾ കഥയ്ക്ക് അക്കാലത്ത് കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലമായ 500 രൂപ എനിക്ക് തന്നത് അദ്ദേഹമായിരുന്നു.അത് പിന്നീട് 3000 രൂപയായി. അത് അവിടെയും നിന്നില്ല. അതിപ്പോൾ 20000 രൂപയായി. ഇന്ത്യൻ ഭാഷകളിലെ ഏതെങ്കിലും പ്രസിദ്ധീകരണം ഇത്രയും വലിയ തുക കഥയ്ക്ക് പ്രതിഫലമായി നൽകുന്നുണ്ടോ എന്നതു സംശയമാണ്.ഇതിനു പിന്നിൽ വീരേന്ദ്രകുമാറിന്റെ സന്മനസ്സാണെന്നു നിസ്സംശയം പറയാം.
എന്നെ ഇപ്പോൾ പതിവായി വായിക്കുന്നവരും അല്ലാത്തവരും കഥയുടെ കുലപതി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എനിക്ക് ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് അടക്കം. ഞാൻ ഇപ്പോഴും ഏറ്റവും വില കൽപ്പിക്കുന്നത് കഥയുടെ കുലപതി എന്ന എനിക്ക് ലഭിച്ച വിശേഷണമാണ്. കൊല്ലങ്ങൾക്ക് മുമ്പ് കൽപ്പറ്റയിൽ നടന്ന ഒരു വലിയ പൊതുയോഗത്തിൽ വീരേന്ദ്രകുമാറാണ് എന്നെ ആദ്യമായി അങ്ങനെ വിളിച്ചത്.
വീരേന്ദ്രകുമാറിന്റെ ദീർഘദർശിത്വം എടുത്തു പറയേണ്ടതു തന്നെയാണ്. പരിസ്ഥിതി പ്രവർത്തകൻ , പരിസ്ഥിതി ഭടൻ എന്ന നിലയിൽ അദ്ദേഹത്തെ എല്ലാവർക്കുമറിയാം.ആമസോണും കുറെ വ്യാകുലതകളും എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം കൊല്ലങ്ങൾക്ക് മുമ്പ് എഴുതിയതാണ്. അന്ന് അദ്ദേഹം പറഞ്ഞത് ഇപ്പോൾ ശരിയായിരിക്കയാണ്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളാണ് ആമസോൺ. ലോകത്തിന്റെ ശ്വാസകോശമായ ആമസോൺ എത്ര കാലം ഇന്നത്തെ നിലയിൽ ഉണ്ടാകുമെന്നത് സംശയാസ്പദമാണ്. ഈ പുസ്തകം കോട്ടയത്ത് വച്ച് വലിയ സദസിനു മുന്നിൽ പ്രകാശിപ്പിക്കാനുള്ള ഭാഗ്യം എനിക്കായിരുന്നു.
അതുപോലെ അദ്ദേഹത്തിന്റെ വിവേകാനന്ദൻ- സന്ന്യാസിയും മനുഷ്യനും എന്ന ആയിരത്തോളം പേജുള്ള ഗ്രന്ഥത്തിൽ നിരവധി അപൂർവ്വങ്ങളായ ഫോട്ടോകളുമുണ്ട്. ഈ പുസ്തകം കോഴിക്കോട് വച്ച് പ്രകാശനം ചെയ്തതും ഞാനായിരുന്നു. വർഷങ്ങളായുള്ള ഗവേഷണത്തിന്റെയും ധ്യാനത്തിന്റെയും മനനത്തിന്റെയും ഫലമാണ് ഈ ഗ്രന്ഥം.ഈ പുസ്തകത്തിന്റെ പ്രകാശന വേളയിൽ അദ്ദേഹത്തോട് ഞാൻ ഒരു അഭ്യർത്ഥന നടത്തുകയുണ്ടായി. മഹാനായ രവീന്ദ്രനാഥ ടാഗോറിന്റെ ജീവിതത്തിൽ അധികമാരും അറിഞ്ഞിട്ടില്ലാത്ത ഇരുളടഞ്ഞ എന്നു തന്നെ പറയാവുന്ന ഒട്ടേറെ ഭാഗങ്ങളുണ്ട്. ഈ ഭാഗങ്ങൾ അനാവൃതമാക്കി കൊണ്ട് ഒരു ഗ്രന്ഥം രചിക്കാൻ ശ്രമിച്ചു കൂടെ എന്നു ഞാൻ ചോദിച്ചു. പരസ്യമായി തന്നെ ആ വേദിയിൽ വച്ച് അദ്ദേഹം അതിനു മറുപടി നൽകി.ഒരു കൊല്ലം മുമ്പായിരുന്നു അത്. ക്ഷയിച്ചു വരുന്ന എന്റെ ആരോഗ്യം അതിനു അനുവദിക്കുമെന്നു സംശയമാണ്. എന്നാൽ കുറച്ചു സമയത്തെ ആലോചനക്കു ശേഷം ശ്രമിച്ചു നോക്കാം എന്നു മറുപടി പറഞ്ഞ ശേഷമാണ് അദ്ദേഹം വേദി വിട്ടത്.
എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം ഏതോ ചാനലിൽ ആരോ പറയുന്നതു കേട്ടു. ക്ഷീണിതനായ ഘട്ടത്തിലും ആരോഗ്യം വിട്ടു നിന്ന സമയത്തും അദ്ദേഹം പുതിയ ഒരു ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നുവെന്ന്. അതു ടാഗോറിനെ കുറിച്ചുള്ള ഗ്രന്ഥമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.
അദ്ദേഹത്തിന്റെ ഡാന്യൂബ് സാക്ഷി എന്ന ഗ്രന്ഥത്തിന് കോഴിക്കോട് വച്ച് പുരസ്കാരം നൽകാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഏതെങ്കിലും മേഖലയിൽ കഴിവുകൾ തെളിയിച്ചവർ നിരവധിയുണ്ട്. എന്നാൽ ഒരേ സമയം എത്രയോ മേഖലകളിൽ കൈവച്ച് കർമ്മശേഷി തെളിയിച്ച വീരേന്ദ്രകുമാറിനെ പോലുള്ള പ്രതിഭാധനൻ വേറെയുണ്ടോ എന്നു സംശയമാണ്. അദ്ദേഹത്തിന്റെ നിര്യാണം മൂലം ധൈഷണിക ലോകത്തിനുണ്ടായ വിടവ് അടുത്ത കാലത്തെങ്ങും നികത്താനാകില്ല. ആ വലിയ മനുഷ്യന്റെ ഓർമ്മകൾക്ക് മുന്നിൽ ദു:ഖത്തോടെ ശിരസ് നമിക്കുന്നു.