പയ്യന്നൂർ: ദേശീയപാതയിൽ നിന്നും പയ്യന്നൂരിലേക്ക് പ്രവേശിക്കുന്ന പെരുമ്പ കവാടം നവീകരണം അവസാനഘട്ടത്തിലേക്ക്. ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ പ്രവൃത്തി കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. കാലവർഷം ആരംഭിക്കുന്നതിന് മുൻപ് നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം.

കണ്ണൂർ -കാസർകോട് ഭാഗങ്ങളിൽ നിന്ന് ദേശീയപാത വഴി പയ്യന്നൂർ ടൗണിലേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പ ജംഗ്ഷൻ വഴിയാണ് വരികയും പോവുകയും ചെയ്യുന്നത്. നേരത്തെയുള്ള വീതി കുറഞ്ഞതും അശാസ്ത്രീയവുമായ ട്രാഫിക് സർക്കിൾ ഏറെ അസൗകര്യമുള്ളതും അപകട സാദ്ധ്യത ഏറിയതുമായിരുന്നു. ഇതേ തുടർന്ന് സി. കൃഷ്ണൻ എം.എൽ.എയുടെ ശ്രമഫലമായി, പെരുമ്പ കവാടം വീതി കൂട്ടി നവീകരിക്കുവാൻ സർക്കാർ 98 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

സ്ഥലം ഏറ്റെടുക്കലും ഏറ്റവുമൊടുവിൽ ലോക്ക് ഡൗണും കാരണം പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. പെരുമ്പ ദേശീയപാതയോരത്ത് സ്ഥിതി ചെയ്തിരുന്ന പൊതുമരാമത്ത് ഓഫീസ് കെട്ടിടം പൊളിച്ച് നീക്കി ആ സ്ഥലവും കൂടി ഉൾപ്പെടുത്തി ദേശീയ പാതയോരം ഇരുഭാഗത്തും പാർശ്വഭിത്തി നിർമ്മിച്ച് ബലപ്പെടുത്തി വീതി കൂട്ടിയിട്ടുണ്ട്. വാഹനങ്ങൾ കടന്നുവരുന്നതിനും തിരികെ പോകുന്നതിനും മൂന്ന് വീതം ട്രാക്കുകളും ഡിവൈഡറും ട്രാഫിക് സിഗ്നലും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഇതോടൊപ്പം ഒരുക്കുന്നുണ്ട്.