കാഞ്ഞങ്ങാട്: കാല് കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസേർ ഡിസ്പെൻസർ വികസിപ്പിച്ച് കാഞ്ഞങ്ങാട് സദ്ഗുരുസ്വാമി നിത്യാനന്ദ എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്പാർട്ടമെന്റ്.

ഇന്ധനമോ വൈദ്യുതിയോ ആവശ്യമില്ല. അടിത്തറ കോൺക്രീറ്റിലോ മെറ്റലിലോ ആകാം. ഫൗണ്ടേഷൻ ഒഴിച്ച് മൂന്ന് കിലോഗ്രാമിൽ താഴെ മാത്രമേ തൂക്കം വരൂ. നിർമ്മാണ ചെലവ് ആയിരം രൂപയിൽ താഴെ. വാണിജ്യാടിസ്‌ഥാനത്തിലാണെങ്കിൽ ചെലവ് ഇതിലും കുറയ്ക്കാൻ പറ്റും. കോൺക്രീറ്റ് ഫൗണ്ടേഷൻ ആണെങ്കിൽ ആവശ്യാനുസരണം വേർപെടുത്താനും സാധിക്കും. സാനിറ്റൈസർ ബോട്ടിലിന്റെ സ്ഥാനം കുത്തനെ മാറ്റാൻ സംവിധാനം ഉണ്ട്. കൈകൊണ്ടു സ്പർശിക്കാതെ തന്നെ ലിക്വിഡ് കൈയിലെത്തും. കാഞ്ഞങ്ങാടും പരിസരത്തുമുള്ള നാല് സ്കൂളുകളിൽ ഇതിനകം തന്നെ സൗജന്യമായി ഇത് കൈമാറിക്കഴിഞ്ഞു.

ദുർഗ ഹയർ സെക്കൻഡറി , ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി, ബല്ല ഗവ. ഹയർ സെക്കൻഡറി , മടികൈ ഗവ. ഹയർ സെക്കൻഡറി എന്നീ സ്കൂളുകളിൽ അതാതു പ്രിൻസിപ്പൽമാർ സാനിറ്റൈസർ ഡിസ്പെൻസറിന്റെ ഉദ്ഘാടനം നിർവഹിച്ചു കഴിഞ്ഞു.

എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹായവും നിർദ്ദേശവും ലഭിച്ചിരുന്നു. ഡയറക്ടർ അഡ്വ. ഇ. സുകുമാരൻ, മെക്കാനിക്കൽ എൻജിനിയറിംഗ് ഹെഡ് ഓഫ് ഡിപ്പാർട്മെന്റും പ്രിൻസിപ്പൽ ഇൻചാർജുമായ എ.വി തമ്പാൻ എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം നടന്നത്. അസിസ്റ്റന്റ് പ്രൊഫസർ മാരായ വിഷ്ണുപ്രസാദ്, ശ്യാംകുമാർ, ഡൊമിനിക് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. അസിസ്റ്റന്റ് പ്രൊഫസർമാരായ ജ്യോതിഷ് കുമാർ, വിനീത് വിജയ്, കോളേജിലെ മറ്റു സ്റ്റാഫ്‌ അംഗങ്ങൾ എന്നിവരും സഹായിച്ചു.