കാസർകോട്: നീലേശ്വരം പുതുക്കൈയിലെ തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനി അഞ്ജന കെ. ഹരീഷിനെ (22) ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർകോട് പൊലീസ് നിയമോപദേശം തേടി. ദുരൂഹ മരണം നടന്നത് ഗോവയിൽ ആയതിനാൽ ഇവിടെ അന്വേഷണം എത്രമാത്രം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നത് സംബന്ധിച്ചാണ് ഹൊസ്ദുർഗ് പൊലീസ് നിയമോപദേശം തേടിയത്.
അഞ്ജനയുടെ അമ്മയുടെയും ബന്ധുക്കളുടെയും മൊഴി പ്രകാരം ഇവിടെ കേസ് രജിസ്റ്റർ ചെയ്യാൻ സാഹചര്യമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. അഞ്ജന തൂങ്ങിമരിച്ചത് സംബന്ധിച്ച് ഗോവയിൽ 31/ 2020 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുമുണ്ട്. അതിന് മുകളിൽ കേരളത്തിൽ കേസെടുത്തു സമാന്തര അന്വേഷണം നടത്തുന്നതിനു നിയമസാധുത ലഭിക്കുമോയെന്നാണ് പരിശോധിക്കുന്നത്.
മരണം നടക്കുമ്പോൾ അഞ്ജനയുടെ കൂടെ ഗോവയിലെ ഹോട്ടലിൽ ഉണ്ടായിരുന്ന ആൺസുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ കഴിയുമോയെന്നും ഹൊസ്ദുർഗ് പൊലീസ് പരിശോധിക്കുന്നുണ്ട്. തെളിവുകൾ മുഴുവൻ കണ്ടെത്തി ശേഖരിച്ചു വെക്കുകയാണ് ഹൊസ്ദുർഗ് പൊലീസ്. ആവശ്യം വരുന്ന ഘട്ടത്തിൽ ഇവയെല്ലാം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് തെളിവ് ശേഖരണം. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അഞ്ജനയുടെ മാതാവ് മിനിയിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു.
കുടുംബത്തിന്റെ ആവശ്യം
അഞ്ജനയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രധാനമന്ത്രി, കേരള- ഗോവ മുഖ്യമന്ത്രിമാർ, ഡി.ജി.പി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു.
പ്രാഥമിക നിയമോപദേശം
മുമ്പ് അഞ്ജനയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് വിദ്യാർത്ഥിനിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം അഞ്ജന പോവുകയായിരുന്നു. ഈ രേഖകൾ ഹൊസ്ദുർഗ് കോടതിയിലുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അഞ്ജനയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്ന കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം.
ബൈറ്റ്
അഞ്ജനയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ നിയമപരമായി ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും പൊലീസ് ചെയ്യും. ഏതെങ്കിലും തരത്തിലുള്ള 'ഫൗൾ പ്‌ളേ' നടന്നിട്ടുണ്ടെങ്കിൽ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. അമ്മയുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. മരണം നടന്നത് ഗോവയിൽ ആയതുകൊണ്ടുള്ള സാങ്കേതിക പ്രശ്നം മാത്രമാണ് തടസമായുള്ളത്.
പി.കെ സുധാകരൻ,
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി