കാസർകോട്: ജില്ലയിൽ വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിൽ നിന്ന് വന്ന മൂന്ന് പേർക്കും ഗൾഫിൽ നിന്നും വന്ന ഒരാൾക്കും. എല്ലാവരും പുരുഷന്മാരാണ്. മേയ് 14 ന് പൂനെയിൽ നിന്ന് കാറിൽ തലപ്പാടിയിലെത്തിയ 31 വയസുകാരൻ, 17 ന് മഹാരാഷ്ട്രയിൽ നിന്ന് ബസിൽ എത്തിയ 42 വയസുകാരൻ, 24 ന് മഹാരാഷ്ട്രയിൽ നിന്ന് ബസിൽ എത്തിയ 63 വയസുകാരൻ, 17 ന് ദുബായിൽ നിന്നെത്തിയ 58 വയസുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഉക്കിനടുക്ക ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 28 വയസുകാരന് രോഗം ഭേദമായി. ഇദ്ദേഹം മേയ് 15 ന് മഹാരാഷ്ട്രയിൽ നിന്നെത്തി 18 ന് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 70 ആയി. വീടുകളിൽ 3081 പേരും ആശുപത്രികളിൽ 584 പേരുമുൾപ്പെടെ 3665 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 347 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 485 പേരെക്കൂടി സ്ഥാപന നീരിക്ഷണത്തിൽ പ്രവേശിപ്പിച്ചു.