kottiyoor
പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിലുള്ള സംഘം നീരെഴുന്നള്ളത്തിനായി ഇക്കരെ കൊട്ടിയൂരിൽ നിന്നും അക്കരെ സന്നിധാനത്തേക്ക് പുറപ്പെടുന്നു

കൊട്ടിയൂർ: ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെയാണ് ചടങ്ങുകൾ നടന്നത്.

പതിനൊന്നു മാസത്തോളം മനുഷ്യർക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും ആചാര്യന്മാരും അടിയന്തിരക്കാരും പ്രവേശിക്കുന്നത് ഇടവമാസത്തിലെ മകം നാളിൽ നടക്കുന്ന നീരെഴുന്നള്ളത്തിനാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് അക്കരെ കൊട്ടിയൂർ വനപ്രദേശത്ത് സ്വയംഭൂ ശില കണ്ടെത്തിയ ദിവസത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങുകളാണ് നീരെഴുന്നള്ളത്തിന്റെ ഭാഗമായി നടന്നത്.

ഒറ്റപ്പിലാൻ സ്ഥാനികന്റെ നേതൃത്വത്തിൽ ഇക്കരെ ക്ഷേത്രനടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിക്കരയിൽ വച്ചും തണ്ണീർകുടി ചടങ്ങ് നടത്തി. തുടർന്ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും സമുദായിയുടെയും പടിഞ്ഞീറ്റ നമ്പൂതിരിയുടെയും നേതൃത്വത്തിൽ പാരമ്പര്യ ഊരാളന്മാർ ഉൾപ്പെടുന്ന സംഘം രഹസ്യകാനന വഴികളിലൂടെ നടന്ന് മന്ദംചേരിയിലെത്തി. അവിടെ ഒരു പ്രത്യേകസ്ഥലത്തു നിന്നും കൂവയിലകൾ ശേഖരിച്ച് അക്കരെ സന്നിധാനത്തേക്ക് പുറപ്പെട്ടു. ഇവർ ബാവലിക്കരയിലെത്തിയപ്പോൾ മറുകരയിൽ കാത്തുനിന്നിരുന്ന ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ എന്നീ സ്ഥാനികർ തിരുവഞ്ചിറയിലൂടെ മണിത്തറയുടെ കിഴക്ക് ഭാഗത്തായി നിലയുറപ്പിച്ചു.

സമുദായി, ജന്മശാന്തി സ്ഥാനികരുടെ നേതൃത്വത്തിലുള്ള സംഘം ബാവലിയിൽ മുങ്ങിക്കുളിച്ച ശേഷം തിരുവഞ്ചിറയിൽ പ്രവേശിക്കുന്നതിന് മുമ്പായി ഒരു നിർദ്ദിഷ്ട സ്ഥാനത്തുള്ള ഉറവയിൽ നിന്നും കൂവയിലയിൽ തെളിനീർ ശേഖരിച്ചു.സ്ഥാനികരോടൊപ്പം അവകാശികളും അടിയന്തിരക്കാരും മണിത്തറയിലെത്തി. കൂവയിലയിൽ ശേഖരിച്ച തീർത്ഥം പടിഞ്ഞീറ്റ നമ്പൂതിരി മണിത്തറയിലെ സ്വയംഭൂവിൽ അഭിഷേകം നടത്തി.തുടർന്ന് തിടപ്പള്ളിയിൽ നിന്ന് കഴിഞ്ഞ വർഷത്തെ ചാരം ശേഖരിച്ച് സംഘം പടിഞ്ഞാറേ നടവഴി ഇക്കരയ്ക്ക് മടങ്ങി. രാത്രി ആയില്യാർക്കാവിൽ ഗൂഢപൂജകൾ നടന്നു. വിശിഷ്ടമായ അപ്പടയും നിവേദിച്ചു.

സ്ഥാനികരും അവകാശികളും നീരെഴുന്നള്ളത്തു ദിവസം ആചാരപരമായി അക്കരെ പ്രവേശിച്ചതിന് ശേഷമാണ് അക്കരെ സന്നിധാനം വൃത്തിയാക്കി കയ്യാലകളും പുതുക്കിപ്പണിത് വൈശാഖ മഹോത്സവത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിച്ച് ചടങ്ങുകൾ മാത്രമായി നടത്തുന്നതിനാൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് ദേവസ്വം സ്‌പെഷ്യൽ ഓഫീസർ പി.ടി.വിജയി പറഞ്ഞു.