കാസർകോട്: ഓൺലൈൻ ആപ് മുഖാന്തിരമുള്ള മദ്യവിൽപ്പനയുടെ രണ്ടാംദിവസം ജില്ലയിൽ 32 ലക്ഷം രൂപയുടെ കുറവ്. വെള്ളിയാഴ്ച കാസർകോട്ട് 6705 ലിറ്റർ വിദേശ മദ്യമാണ് വിറ്റത്. 3308 ലിറ്റർ ബിയറും 37 ലിറ്റർ വൈനും ടോക്കൺ വഴി വിതരണം ചെയ്തു. അകെ 66,72,430 രൂപയുടെ മദ്യമാണ് വില്പന നടത്തിയത്.
കൂടുതൽ വില്പന നടന്നത് ഹൊസ്ദുർഗ് എക്സൈസ് സർക്കിളിലാണ്. 44 ലക്ഷം രൂപയുടേത്. 22.75 ലക്ഷം രൂപയുടെ വില്പനയാണ് കാസർകോട് എക്സൈസ് സർക്കിളിൽ നടന്നത്. ഫ്രൂട്ടി മാതൃകയിൽ മുതൽ ലിറ്റർ വരെയുള്ള വിവിധ തരം കർണ്ണാടക മദ്യം വിറ്റഴിക്കുന്നത് കാസർകോട് എക്സൈസ് സർക്കിൾ പരിധിയിലാണ്. മദ്യവില്പന ആരംഭിച്ച ആദ്യദിവസം കാസർകോട് ജില്ലയിൽ വിറ്റഴിച്ചത് 99 ലക്ഷം രൂപയുടെ മദ്യമാണ്. അതിലാണ് 30 ശതമാനത്തിന്റെ കുറവ് സംഭവിച്ചത്. 11,983 ലിറ്റർ മദ്യം ആദ്യദിവസം കാസർകോട് ജില്ലയിൽ മാത്രം വിറ്റിരുന്നു.
ടോക്കൺ ബുക്കിംഗിനോട് സാധാരണക്കാരായ മദ്യപന്മാർ കാര്യമായി പ്രതികരിക്കുന്നില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്.
കർണാടക മദ്യം സുലഭം
കർണാടകയിൽ നിന്നും വൻതോതിൽ വിദേശ മദ്യം കാസർകോട് ഭാഗത്തേക്ക് ഒഴുകുന്നതും ലോക്ക് ഡൗണിന്റെ മറവിൽ നാടൻ ചാരായ വാറ്റ് വ്യാപകമായി നടക്കുന്നതുമാണ് മദ്യവില്പന കുറയുന്നതിന് കാരണമെന്ന് പറയുന്നു. ആധുനിക സജ്ജീകരണങ്ങളോടെ കൃത്രിമമില്ലാതെ ഉത്പാദിപ്പിക്കുന്ന നാടൻ ചാരായത്തോട് കുടിയന്മാർക്ക് പ്രതിപത്തി കൂടിയതും വിദേശ മദ്യത്തോട് വിരക്തി തോന്നാൻ കാരണമായിട്ടുണ്ട്. വീടുകളിലും അയൽവക്കത്തും നാടൻ ഉണ്ടാക്കി അടിച്ചവർ വിദേശ മദ്യത്തിന് ടോക്കൺ ബുക്ക് ചെയ്യാൻ തയ്യാറായിട്ടില്ല. ലോക്ക് ഡൗണിൽ ഇവർ സേവിച്ചത് പഴച്ചാറും മുന്തിരിയും പൈനാപ്പിളും വെല്ലവും ചേർത്ത് വാറ്റിയെടുത്ത നാടനായിരുന്നു.
കാസർകോട്ടെ വില്പന
വെള്ളി - 6705 ലിറ്റർ ₹ 6,672430
വ്യാഴം -11983 ലിറ്റർ ₹99 ലക്ഷം