കണ്ണൂർ: കൊവിഡ് രോഗത്തിന്റെ പുതിയ പ്രകൃതം കണ്ണൂരിനെ ആശങ്കയിലാക്കുന്നു. പ്രാഥമിക ലക്ഷണങ്ങൾ പ്രകടമാവില്ല. സ്രവപരിശോധന നടത്തിയാൽ ഫലം നെഗറ്റീവ്. ഒടുവിൽ കടുത്ത ചുമ പിടിപെടുമ്പോഴെ രോഗം തിരിച്ചറിയാൻ കഴിയുന്നുള്ളൂ. ഇതുകാരണം സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇന്നലെ റിപ്പോർട്ട് ചെയ്ത 15 കേസുകൾ അടക്കം ഇതുവരെയുള്ള 229 കൊവിഡ് കേസുകളിൽ പലതിലും ലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. ഇതിന്റെ നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ കൂടുതലാണ്. പാട്യം, കൂത്തുപറമ്പ് മേഖലയിലാണ് കൂടുതൽ രോഗികൾ. ഈ പശ്ചാത്തലത്തിൽ ചില പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ നീക്കമുണ്ട്. മറുനാട്ടിൽ നിന്ന് കൂടുതൽപേർ എത്തിയതോടെയാണ് സമ്പർക്കരോഗികൾ കൂടിയത്.
രോഗികളിൽ ദുബായിലും (97) മഹാരാഷ്ട്രയിലും (30) നിന്നെത്തിയവരാണ് കൂടുതൽ.
മൊത്തം രോഗികൾ: 229
ലക്ഷണം പ്രകടമായവർ :36.5 %
ലക്ഷണം ഇല്ലാതെ: 63.5 %
സമ്പർക്ക ബാധിതർ: 57
രോഗികൾ:
പുരുഷൻ - 77.5 %
സ്ത്രീ -22.5 %
ഉറവിടം അറിയാതെ...
കോഴിക്കോട് മെഡി.കോളജിൽ മരിച്ച ധർമ്മടം സ്വദേശി ആസ്യയ്ക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. അവിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് രോഗം സ്ഥിരീകരിച്ചത്. മത്സ്യവില്പന നടത്തുന്ന ഈ ഇരുപതംഗ കുടുംബത്തിലെ 13 പേർക്കും ചികിത്സിച്ച കോഴിക്കോട്ടെ ആരോഗ്യപ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
(കമന്റ്)
അന്വേഷണം നടക്കുന്നു
മത്സ്യവില്പനക്കാരുടെ കുടുംബത്തിലുള്ളവർക്ക് എങ്ങനെ രോഗം ബാധിച്ചെന്ന് അന്വേഷിച്ചുവരികയാണ്.
ഇവരുടെ രണ്ട് മക്കൾ അന്യ സംസ്ഥാനക്കാരായ മത്സ്യ കച്ചവടക്കാരുമായി ബന്ധപ്പെട്ടിരുന്നു.
ടി.വി. സുഭാഷ്
ജില്ലാ കളക്ടർ, കണ്ണൂർ