aalakod-palam
ആലക്കോട് പാലം

ആലക്കോട്: ആറുപതിറ്റാണ്ടിന്റെ കാലപ്പഴക്കവും രാഷ്ട്രീയ പാർട്ടികളുടെ നിസംഗതയും മൂലം മലയോരത്തെ ആദ്യത്തെ കോൺക്രീറ്റ് പാലം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന അവസ്ഥയിൽ. തളിപ്പറമ്പ് - ആലക്കോട് -മണക്കടവ് കൂർഗ്ഗ് ബോർഡർ സംസ്ഥാനപാതയിൽ ഉള്ള ആലക്കോട് പാലമാണ് ഇതുവഴിയുള്ള വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി മാറിയിരിക്കുന്നത്.

1959 ലാണ് ആലക്കോട്, കരുവൻചാൽ പാലങ്ങളുടെ നിർമ്മാണം പൂർത്തിയായത്. കൂപ്പുലോറികൾ മാത്രം ഓടിയിരുന്ന അക്കാലത്ത് ഈ പാലം വഴിയുള്ള ഗതാഗതം തടസ്സമില്ലാതെ നടന്നുവന്നിരുന്നു. വാഹനത്തിരക്ക് വർദ്ധിച്ചതോടെ വീതികുറഞ്ഞതും കാലപ്പഴക്കവും പ്രശ്നമായി. പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. കാൽനൂറ്റാണ്ടായി പുതിയപാലത്തിനുവേണ്ടിയുള്ള പ്ലാനും എസ്റ്റമേറ്റും സ്ഥലം ഏറ്റെടുക്കലുമൊക്കെ ഓരോ വർഷവും മുടക്കമില്ലാതെ നടക്കുന്നു. കരുവൻചാൽ പാലത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. ഇരിക്കൂർ നിയോജക മണ്ഡലത്തിൽപ്പെട്ട ഈ പ്രദേശങ്ങളുടെ വികസനം തടസ്സപ്പെടുന്നതിന് രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരുകയാണ്.

പുതിയപാലമെന്ന്

പറയാൻ തുടങ്ങിയിട്ട്

25 വർഷം

മനസുവച്ചാൽ നാലുമാസം മതി

ആലക്കോട് -തളിപ്പറമ്പ് റൂട്ടിലെ ചാണോക്കുണ്ട് പാലവും ഇതേ അവസ്ഥയിലാണുണ്ടായിരുന്നത്. എന്നാൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽപ്പെട്ട ഈ പാലത്തിന്റെ പുനർനിർമ്മാണം വെറും നാലുമാസം കൊണ്ട് പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചുകഴിഞ്ഞു.

ആലക്കോട് കരുവഞ്ചാൽ പാലങ്ങൾ എത്രയും വേഗത്തിൽ പുനർനിർമ്മിക്കുന്നതിന് സർക്കാർ തലത്തിൽ അടിയന്തര നടപടിയുണ്ടാകണം.
അഡ്വ. ബിനോയ് തോമസ്, കരുവഞ്ചാൽ