കണ്ണൂർ: ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ച ലോറി ഡ്രൈവറെ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു. ഇരിട്ടി സ്വദേശി കെ. പ്രകാശനെയാണ് കൊറ്റാളി പനങ്കാവിലെ വാടക വീട്ടിൽ നിന്നും ഇന്നലെ രാവിലെ വീട്ടുടമ ഇറക്കി വിട്ടത്. ലോഡും കൊണ്ട് പോകാറുള്ള പ്രകാശൻ അടുത്തിടെയാണ് പൂനെയിൽ നിന്നും കോഴിക്കോട്ടേക്ക് സാധനങ്ങളുമായി എത്തിയത്. ഇതേ തുടർന്നാണ് അധികൃതർ പ്രകാശന് ക്വാറന്റൈനിൽ തുടരാൻ നിർദേശം നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം താമസം തുടങ്ങിയ വീട്ടിൽ നിന്നും ഇന്നലെ ഇറക്കി വിടുകയായിരുന്നുവത്രെ. നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചതിനാൽ രോഗം സംബന്ധിച്ചുള്ള ഭയമാണ് വീട്ടുടമ ഇറക്കി വിടാൻ കാരണമെന്ന് പ്രകാശൻ പറഞ്ഞു. പിന്നീട് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും ഇടപെട്ട് പ്രകാശനെ പുതിയതെരുവിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.