കൂത്തുപറമ്പ്: നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കുന്നതിന്റെ ഭാഗമായി കൂത്തുപറമ്പ് മേഖലയിലെ ചെറുവാഞ്ചേരി മരപ്പാലം റോഡ് പൊലീസ് അടച്ചു. പാട്യം പഞ്ചായത്തിലെ 9, 10, 12, 13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ശക്തമായ നടപടികളുമായി അധികൃതർ രംഗത്ത് എത്തിയിട്ടുള്ളത്. കൊട്ടിയോടിയിൽ നിന്ന് കാര്യാട്ടുപുറം വഴി ചെറുവാഞ്ചേരിയിലേക്ക് പോകുന്ന റോഡാണ് മരപ്പാലം ഭാഗത്ത് അടച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് ഏറെക്കാലം അടച്ചിട്ടിരുന്ന ഈ റോഡ് ഏതാനും ദിവസം മുൻപ് മാത്രമാണ് തുറന്നിരുന്നത്. ഇതിനിടയിൽ ചെറുവാഞ്ചേരി ,ചീരാറ്റ ഭാഗത്ത് വീണ്ടും കൊവിഡ് 19 പോസറ്റീവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് റോഡ് അടച്ചത്. സമീപത്തെ മറ്റ് ചില റോഡുകളും പൊലീസ് അടച്ചിട്ടുണ്ട്. ചെറുവാഞ്ചേരി ഉൾപ്പെടുന്ന പാട്യം പഞ്ചായത്തിൽ 23 കൊവിഡ് പോസറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിൽ 19 പേർ രോഗമുക്തരായിട്ടുണ്ട്.