സ്ഥിരീകരിക്കപ്പെട്ടത് 50
സംശയാസ്പദം 832

കാസർകോട്: കൊവിഡ് വ്യാപന ഭീതിക്കിടയിൽ ജില്ലയിൽ ഡെങ്കിപ്പനി ഭീഷണിയും വർദ്ധിക്കുന്നു. ജില്ലയിൽ ഇതുവരെ 50 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. 832 ആളുകളുടെ കേസുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ആന്റിബോഡി ടെസ്റ്റ് നടത്തിയാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. കാർഡ് ടെസ്റ്റ് നടത്തി രോഗലക്ഷണം കാണിക്കുന്നവരെ ഡെങ്കിപ്പനിയായി കണക്കാക്കി തന്നെയാണ് ആരോഗ്യവകുപ്പ് ചികിത്സിക്കുന്നത്. ഇവരെയാണ് സംശയാസ്പദമായ കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ കുറെ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

വേനൽ മഴയിലാണ് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ ജില്ലയിലും എത്തിയത്. മഴക്കാലം വരുന്നതോടെ ഡെങ്കിപ്പനി ഭീഷണി ഇരട്ടിയാകും.

ഇടവിട്ട് ലഭിക്കുന്ന വേനൽ മഴയിൽ ജില്ലയിലെ മലയോരമേഖലകളിൽ ഡെങ്കിപ്പനി വ്യാപനം മുൻവർഷങ്ങളിലെ അപേക്ഷിച്ച് വർദ്ധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ, കുറ്റിക്കോൽ, ബേഡഡുക്ക, കയ്യൂർ ചീമേനി, പൈവളികെ പഞ്ചായത്തുകൾ കൂടാതെ ചെറുവത്തൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും ഡെങ്കിപ്പനി പടരുന്നുണ്ട്.

ലോക്ക് ഡൗൺ കാലയളവ് വീടും പരിസരപ്രദേശങ്ങളും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നുള്ള സർക്കാർ നിർദ്ദേശം പൂർണമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കൊതുക് സാന്ദ്രതയിൽ ഉണ്ടായ വർദ്ധനവും രോഗ പകർച്ച നിരക്കും ബോധ്യപ്പെടുത്തുന്നത്. റബ്ബർ -കവുങ്ങ് തോട്ടങ്ങൾ ശുചീകരിക്കാനും ഉറവിടനശീകരണത്തിനും ശ്രദ്ധിക്കണം. ലോക്ക് ഡൗൺ കാലയളവിൽ അടഞ്ഞുകിടന്നിരുന്ന സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, കച്ചവടകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉറവിടനശീകരണം കാര്യക്ഷമമായി നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

ഡെങ്കിപ്പനി കൂടുതൽ

വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ, കുറ്റിക്കോൽ, ബേഡഡുക്ക, കയ്യൂർ ചീമേനി, പൈവളികെ പഞ്ചായത്തുകൾ

ബൈറ്റ്

കൊവിഡ് വ്യാപന കാലത്ത് ഇതര പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങളിലും ജാഗ്രത കാണിക്കണം. മഴക്കാല രോഗങ്ങളുടെ വർദ്ധനവ് ആശുപത്രികളിൽ തിരക്ക് വർദ്ധിക്കുന്നതിന് കാരണമാകും. ഇത് കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിർദേശത്തിന് തടസ്സമാകും എന്നുള്ളതുകൊണ്ട് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാവരും ഏറ്റെടുക്കണം.

ഡോ. എ.വി രാംദാസ്

(കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ)