കണ്ണൂർ: ജില്ലയിൽ എട്ടു പേർക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. എട്ടു പേരും മുംബൈയിൽ നിന്നും വന്നവരാണ്.
കോട്ടയം മലബാർ സ്വദേശികളായ നാലും 15ഉം വയസ്സുള്ള പെൺകുട്ടികൾ, 10 വയസ്സുകാരായ രണ്ട് ആൺകുട്ടികൾ, ഒരു 12 വയസ്സുകാരൻ, 41ഉം 39ഉം വയസ്സുള്ള പുരുഷന്മാർ 38കാരിയായ സ്ത്രീ എന്നിവരാണ് മുംബൈയിൽ നിന്നെത്തിയവർ. മേയ് 23ന് നാട്ടിലെത്തിയ ഇവർ 28ന് അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 222 ആയി. ഇതിൽ 123 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു
നിലവിൽ ജില്ലയിൽ 9669 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയിൽ നിന്നും 6822 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 6331 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5959 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 491 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.